ലാഭം ഉണ്ടായിട്ടും വലിയ കാര്യമൊന്നുമില്ല എന്ന അവസ്ഥയിലാണ് ഇപ്പോൾ ഫ്ലിപ്കാർട്ട്. രാജ്യത്തെ തന്നെ മുൻനിര ഇകൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ടിന് നടപ്പ് സാമ്പത്തിക വർഷത്തിൽ (2021-22) 31 ശതമാനം വരുമാന വളർച്ചയാണ് രേഖപ്പെടുത്തിയത്. 10,659 കോടി രൂപയാണ് ഈ സാമ്പത്തിക വർഷത്തിലെ വരുമാനം. പക്ഷേ വരുമാനം കൂടിയിട്ടും വലിയ കാര്യമൊന്നും ഉണ്ടായില്ല.
ഗതാഗതം, വിപണനം, നിയമപരമായ ചെലവുകൾ എന്നിവ കാരണം കമ്പനിയ്ക്ക് വലിയ നഷ്ടങ്ങളാണ് ഉണ്ടായത്. ഈ സാമ്പത്തിക വർഷത്തിൽ മാത്രം കമ്പനിയുടെ അറ്റ നഷ്ടം 51 ശതമാനമാണ്. അതായത് 4,362 കോടി രൂപ.ബിസിനസ് ഇന്റലിജൻസ് പ്ലാറ്റ്‌ഫോമായ ടോഫ്‌ലർ ആക്‌സസിന്റെ ഡാറ്റ പ്രകാരം 10,477 കോടി രൂപയാണ് ഫ്ലിപ്കാർട്ടിന്റെ പ്രവർത്തന വരുമാനം. 2021ലെ പ്രവർത്തന വരുമാനം 7,804 കോടി രൂപയായിരുന്നു. ഫ്ലിപ്കാർട്ടിന്റെ തന്നെ ഉടമസ്ഥതയിലുള്ള മിന്ത്രയുടെ പ്രവർത്തന വരുമാനം നടപ്പ് സാമ്പത്തിക വർഷത്തിൽ 45 ശതമാനമായി ഉയർന്നു. അതായത് 3501.2 കോടി രൂപയായി മാറി.
മുൻവർഷത്തിലെ നടപ്പ് സാമ്പത്തിക വർഷത്തിലെ നഷ്ടം 429 കോടിയായിരുന്നു. ഇക്കൊല്ലം അത് 597.6 കോടി രൂപയായി ഉയർന്നു. ഫ്ലിപ്കാർട്ടിന് പ്രധാനമായും വരുമാനങ്ങൾ ലഭിക്കുന്ന മാർഗം ഇ-കൊമേഴ്‌സ് മാർക്കറ്റ് പ്ലേസ്, പരസ്യം, കളക്ഷൻ സേവനങ്ങൾ എന്നിവയാണ്. ഫ്ലിപ്കാർട്ടിന് ലോജിസ്റ്റിക്സ്, പരസ്യങ്ങൾ വഴി യഥാക്രമം 3,848 കോടി രൂപയും 2,083 കോടി രൂപയും നേടി. മാർക്കറ്റ്‌പ്ലേസ് സേവനങ്ങളിൽ നിന്നുള്ള വരുമാനം 2021 സാമ്പത്തിക വർഷത്തിൽ മാത്രം 2,794.6 കോടി രൂപയായിരുന്നു. ഇതാണ് 2022 ആയപ്പോൾ 2,823 രൂപയായി ഉയർന്നു.
2022ലാണ് ഫ്ലിപ്കാർട്ട് സേവനങ്ങൾ വ്യാപിപ്പിക്കുന്നത്. നിലവിൽ വിഡിയോ സ്ട്രീമിങ്, വിതരണം, ഹോസ്റ്റിങ് സേവനങ്ങൾ എന്നിവയിലേക്ക് കൂടി കമ്പനി കടന്നിട്ടുണ്ട്. പരസ്യം ചെയ്യൽ, പ്രമോഷനുകൾ, ലോയൽറ്റി പ്രോഗ്രാമുകൾ എന്നിവ നടത്തുന്നതിന് പുറമെയാണ് ഇത്. ഫ്ലിപ്കാർട്ട് സ്വന്തമായി കണ്ടന്റ് നിർമിക്കാൻ തുടങ്ങിയതും ഈ അടുത്തിടെ ശ്രദ്ധിക്കപ്പെട്ടിരുന്നു.