‘ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്’ എന്ന് പറയാറുണ്ട് അല്ലേ? എന്നാൽ, യുഎസ്സിലെ ഒരു മനുഷ്യൻ ഒരു തെറ്റും ചെയ്യാതെ ജയിലിൽ കഴിഞ്ഞത് നാല് പതിറ്റാണ്ടാണ്. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഏറ്റവും നല്ല വർഷങ്ങളെല്ലാം അദ്ദേഹം ജയിലിൽ കിടന്നു. ഒടുവിൽ ഡിഎൻഎ പരിശോധനയുടെ അടിസ്ഥാനത്തിൽ ഇത്രയും വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തെ വെറുതെ വിട്ടിരിക്കുകയാണ്.
മൗറിസ് ഹാസ്റ്റിംഗ്സ് എന്ന മനുഷ്യൻ 38 വർഷത്തോളമായി ജയിലിൽ കഴിയുകയാണ്. 1983 -ൽ കാലിഫോർണിയയിൽ റോബർട്ട വൈഡർമെയർ എന്ന സ്ത്രീയെ കൊന്നു, രണ്ട് കൊലപാതക ശ്രമങ്ങൾ നടത്തി എന്നതായിരുന്നു മൗറിസിനെതിരെ ചാർത്തിയിരുന്ന കുറ്റം.
എന്നാൽ, പുതിയ ഡിഎൻഎ തെളിവുകൾ വിരൽ ചൂണ്ടുന്നത് 2020 -ൽ ജയിലിൽ വച്ച് മരിച്ച മറ്റൊരാളാണ് ഈ കൊലപാതകം നടത്തിയത് എന്നതിലേക്കാണ്. 1988 -ലെ ശിക്ഷാവിധി പ്രകാരം ജയിലിൽ കഴിഞ്ഞിരുന്ന മൗറിസ് ഒക്ടോബർ 20 -ന് പുറത്തിറങ്ങി.
ലാ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ജോർജ്ജ് ഗാസ്‌കോൺ തന്റെ ശിക്ഷാവിധിയെ വിശേഷിപ്പിച്ചത് ‘ഭയങ്കര അനീതി’ എന്നാണ്. ‘നീതിന്യായ വ്യവസ്ഥ എല്ലായ്പ്പോഴും നൂറുശതമാനം ശരിയാവണം എന്നില്ല. പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ ശിക്ഷാവിധികളിലുള്ള നമ്മുടെ തന്നെ ആത്മവിശ്വാസം നഷ്ടപ്പെടുകയാണ്. വേഗത്തിൽ പ്രവർത്തിക്കേണ്ടത് ഞങ്ങളുടെ കടമയായിരുന്നു’ എന്ന് ഗാസ്കോൺ ഒരു പ്രസ്ഥാവനയിൽ പറഞ്ഞു.
1983 -ൽ സ്വന്തം കാറിന്റെ ബൂട്ടിലാണ് റോബർട്ടയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയിൽ വെടിയേറ്റിരുന്നു. കൊല്ലപ്പെടുന്നതിന് മുമ്പ് ലൈംഗികാതിക്രമത്തിനും അവൾ ഇരയായിരുന്നു. പിന്നാലെ കൊലപാതക കുറ്റത്തിന് മൗറിസ് അറസ്റ്റിലാവുകയും വധശിക്ഷ വിധിക്കപ്പെടുകയും ചെയ്തു. എന്നാൽ, പിന്നീട് മറ്റൊരു ജൂറി വധശിക്ഷ മാറ്റി ജീവിതകാലം മുഴുവനും പരോളില്ലാതെ ജയിലിൽ കഴിയാൻ വിധിക്കുകയായിരുന്നു. മൗറിസ് അറസ്റ്റ് ചെയ്യപ്പെട്ട സമയം മുതൽ തന്റെ നിരപരാധിത്വത്തെ കുറിച്ച് ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. ഡിഎൻഎ ടെസ്റ്റിന് അപേക്ഷിച്ചെങ്കിലും 2000 -ത്തിൽ അത് നിരാകരിക്കപ്പെടുകയായിരുന്നു.
എന്നാൽ, അടുത്തിടെ ഡിഎൻഎ ടെസ്റ്റിന് അനുമതി ലഭിക്കുകയും പരിശോധനയിൽ മൗറിസ് നിരപരാധിയാണ് എന്ന് തെളിയുകയും ആയിരുന്നു. മറ്റൊരു കേസിൽ തടവിൽ കഴിഞ്ഞ ഒരാളുടെ ഡിഎൻഎയുമായിട്ടായിരുന്നു ഇതിന് സാമ്യം. തുടർന്ന് ഒക്ടോബർ 20 -ന് മൗറിസിനെ വെറുതെ വിട്ടുകൊണ്ട് വിധി വന്നു. തന്റെ ജീവിതത്തിലെ ഏറിയ പങ്കും ചെയ്യാത്ത കുറ്റത്തിന് തടവറയിൽ ചെലവഴിച്ച ശേഷം അദ്ദേഹം പുറത്തിറങ്ങി. ജീവിതത്തിൽ ഒരുപാട് കയ്‍പുനീര് കുടിച്ചെന്നും ഇനി ജീവിതം ആസ്വദിക്കാൻ ആഗ്രഹിക്കുന്നു എന്നും മൗറിസ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.