തിരുവനന്തപുരം : പാറശ്ശാലയിലെ ഷാരോൺ രാജിന്റെ ദുരൂഹ മരണത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ഷാരോണിന്റെ വനിതാ സുഹൃത്ത്, സുഹൃത്തിൻറെ അച്ഛൻ, അമ്മ എന്നിവരെ ജില്ലാ ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുക്കാൻ വിളിപ്പിച്ചു. ഡിവൈഎസ്പി ജോൺസന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസിൽ അന്വേഷണം നടത്തുന്നത്. തിരുവനന്തപുരം റൂറൽ എസ്പി ഓഫീസിൽ വച്ചാണ് മൊഴിയെടുക്കുക. വനിതാ സുഹൃത്തിൻറെ വീട്ടിലേക്ക് പോയ ഷാരോണിന്റെ സുഹൃത്തിന്റെയും മൊഴി രേഖപ്പെടുത്തും.
ഛർദ്ദിലോടെ ഷാരോൺ പെൺസുഹൃത്തിന്റെ വീട്ടിൽ നിന്നും ഇറങ്ങിവരുന്നതിന് സുഹൃത്ത് സാക്ഷിയായിരുന്നു. കഷായം കുടിച്ചുവെന്നും ഷാരോൺ ആദ്യം പറഞ്ഞത് ഈ യുവാവിനോടാണ്. എന്നാൽ പിന്നീട് ഷാരോൺ വൈകിട്ട് വിളിച്ചപ്പോൾ ജ്യൂസ് തന്നുവെന്ന് പറയണമെന്ന് പറഞ്ഞതായും സുഹൃത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിച്ചു.
അതേ സമയം, മരണ കാരണത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. ആന്തരിക അവയവങ്ങളുടെ പരിശോധനാഫലം ലഭിച്ചാൽ മാത്രമേ മരണത്തിനിടയാക്കിയ കാരണത്തിന് കൂടുതൽ വ്യക്തത ലഭിക്കുകയുള്ളൂ. റിപ്പോർട്ട് വേഗത്തിൽ ലഭിക്കാൻ പൊലീസ് തലത്തിൽ ഇടപെടലുണ്ടായിട്ടുണ്ട്. ജില്ല ക്രൈംബ്രാഞ്ച് സംഘം ഇന്ന് ഉച്ചയ്ക്ക് ശേഷം ഷാരോണിന്റെ വീട്ടിൽ എത്തിയേക്കും.