തിരുവനന്തപുരം: നവംബർ ഒന്നിലെ ലഹരി വിരുദ്ധ ശൃംഖലയിൽ എല്ലാ വിദ്യാർഥികളും അണിചേരണമെന്ന് മന്ത്രി വി. ശിവൻകുട്ടി. ഉച്ചയ്ക്ക് മൂന്നരയോടെ എല്ലാ വിദ്യാലയങ്ങളിലും ലഹരി വിരുദ്ധ ശൃംഖല തീർക്കണം. ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കണം. മൂന്ന് മണിക്ക് തന്നെ കുട്ടികൾ ശൃംഖലയ്ക്കായി തയാറെടുക്കണം. മൂന്നര വരെ തയാറാക്കിയ വിവിധ കലാപരിപാടികൾ അവതരിപ്പിക്കാം.സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ 3.30ന് നിർവഹിക്കും. തിരുവനന്തപുരത്ത് ഗാന്ധി പാർക്ക് മുതൽ അയ്യങ്കാളി സ്ക്വയർ വരെയാണ് ശൃംഖല. മന്ത്രി വി ചടങ്ങിൽ വി. ശിവൻകുട്ടി അധ്യക്ഷതവഹിക്കും.
ഓരോ സ്‌കൂളിലും എടുക്കേണ്ട പ്രതിജ്ഞ
മയക്കുമരുന്നുകൾ സമൂഹത്തെ തകർക്കുന്ന മാരക വിപത്താണ് എന്ന യാഥാർഥ്യം ഞാൻ തിരിച്ചറിയുന്നു. ലഹരി വസ്തുക്കളുടെ ഉപയോഗം അത് ഉപയോഗിക്കുന്ന വ്യക്തിയോടൊപ്പം കുടുംബത്തേയും സമൂഹത്തേയും പൂർണമായും നശിപ്പിക്കുമെന്നും ഞാൻ മനസിലാക്കുന്നു, ഞാനും എന്റെ സമൂഹവും ലഹരിയിൽ വീഴാതിരിക്കാനുള്ള എല്ലാ ശ്രമങ്ങളും ഞാൻ നടത്തും. “ജീവിതമാണ് ലഹരി” എന്ന ആശയം എന്റെ ജീവിതത്തിൽ പകർത്തുന്നതോടൊപ്പം ഈ ആശയം ജീവിതത്തിൽ പകർത്തുന്നതിന് ഞാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യും. ലഹരിമുക്ത നവകേരളം പടുത്തുയർത്താൻ എന്റെ എല്ലാ കഴിവുകളും വിനിയോഗിച്ച് പ്രവർത്തിക്കുമെന്നും ഞാൻ ഇതിനാൽ പ്രതിജ്ഞ ചെയ്യുന്നു.