തിരുവനന്തപുരം ∙ പാറശാലയിലെ ഷാരോൺ രാജിന്റെ മരണം കൊലപാതകമാണെന്നു പെൺസുഹൃത്ത് ഗ്രീഷ്മ സമ്മതിച്ചതിനു പിന്നാലെ കൂടുതൽ വെളിപ്പെടുത്തലുകൾ. ഷാരോൺ പെൺകുട്ടിയെ വല്ലാതെ വിശ്വസിച്ചിരുന്നുവെന്നും പെൺകുട്ടി നൽകുന്ന ജൂസ് സ്ഥിരമായി വാങ്ങിക്കുടിച്ചിരുന്നെന്നും ഷാരോണിന്റെ സഹോദരൻ ഷിമോൺ പറഞ്ഞു.
‘കോകിലാക്ഷം കഷായം കൊടുത്തു എന്നാണ് പെൺകുട്ടി പറഞ്ഞത്. പക്ഷേ അതു കുടിച്ചാൽ ആരും മരിക്കില്ല. കഷായവും ഫ്രൂട്ടിയും കൂടി ഒരുമിച്ചു കൊടുത്താലും പ്രശ്നമുണ്ടാകില്ല. ഗ്രീഷ്മ എപ്പോഴും ഫ്രൂട്ടി കയ്യിൽ കൊണ്ടുനടന്ന് അവന് കൊടുക്കുമായിരുന്നു. വീട്ടിൽനിന്ന് കലക്കി കൊണ്ടുവന്നതാണോ അതിൽ ചേർത്തു കൊണ്ടുവന്നതാണോ എന്ന് അറിയില്ല. സ്ഥിരമായി ഇരുവരും ഒന്നിച്ച് പുറത്തു പോകുമ്പോൾ അവൾ ജൂസ് കൊണ്ടുവന്ന് ഷാരോണിന് കൊടുത്തിരുന്നു. സെപ്റ്റംബർ 25ന് ഷാരോണിന് ഛർദ്ദിയും അസ്വസ്ഥകളും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോയി കാണിച്ച് മരുന്ന് വാങ്ങിയിരുന്നു. അതിനു രണ്ടു മൂന്നു ദിവസം മുൻപും ഇവർ ഒരുമിച്ച് പുറത്തുപോകുകയും ജൂസ് കുടിക്കുകയും ചെയ്തിരുന്നു’ – ഷിമോൺ പറഞ്ഞു.
‘‘ഇത്തവണ ആശുപത്രിയിൽ കൊണ്ടുചെന്നപ്പോൾ വിഷാശം ഉള്ളിൽ ചെന്നിട്ടുണ്ടെന്ന് ആദ്യം തന്നെ നഴ്സ് സംശയം പറഞ്ഞിരുന്നു. ഫോർമിക് ആസിഡ് ആകാമെന്നാണ് നഴ്സ് പറഞ്ഞത്. അവന്റെ വായുടെ സ്ഥിതി കണ്ടിട്ടാണ് അങ്ങനെ പറഞ്ഞത്. അവരുടെ വീട്ടിൽ റബറും മറ്റും ഉള്ളതിനാൽ ഞങ്ങൾക്കും അത് സംശയമുണ്ടായിരുന്നു.’– ഷിമോൺ പറഞ്ഞു
പാറശാല പൊലീസിൽ നിന്ന് നീതി കിട്ടിയില്ലെന്നും ഷിമോൺ പറഞ്ഞു. ‘‘പാറശാല പൊലീസിന്റെ അനാസ്ഥയാണ് ഇപ്പോൾ തെളിഞ്ഞിരിക്കുന്നത്. കേസുമായി ആദ്യം ചെന്നപ്പോൾ മുതൽ പെൺകുട്ടിയെ പിന്തുണയ്ക്കുന്ന രീതിയിലാണ് പൊലീസ് പെരുമാറിയത്. ‘ഒരാളുമായി 10–20 മിനിറ്റ് സംസാരിച്ചാൽ മതി, എനിക്കെല്ലാം മനസ്സിലാകും. ആ കുട്ടി അങ്ങനെ ചെയ്യില്ല’ എന്നാണ് എസ്ഐ പറഞ്ഞത്. എസ്പി ഇടപെട്ട് ജില്ലാ ക്രൈംബ്രാഞ്ചിലേക്ക് കേസു മാറ്റിയതുകൊണ്ട് ഞങ്ങൾക്കു നീതി കിട്ടി. എന്റെ അനിയനെ അവൾ കൊന്നതാണ്. 11 ദിവസമാണ് അവൻ ഐസിയുവിൽ കിടന്ന് നരകിച്ചത്. അതിന് പരമാവധി ശിക്ഷ തന്നെ അവൾക്ക് കൊടുക്കണം.’’
‘‘അവസാന നിമിഷം വരെ അവൻ അവളെ വിശ്വസിച്ചു. മജിസ്ട്രറ്റ് വന്ന് മൊഴിയെടുത്തപ്പോഴും പിറ്റേ ദിവസം പൊലീസ് വന്നു മൊഴിയെടുത്തപ്പോഴും കഷായം കുടിച്ചു എന്ന് പറഞ്ഞെങ്കിലും അവൾ അങ്ങനെ ചെയ്യില്ല എന്നാണ് പറഞ്ഞത്. അവന്റെ ആ ഒരു വിശ്വാസത്തെ മുതലെടുത്താണ് അവൾ അങ്ങനെ ചെയ്തത്.’’ – ഷിമോൺ പറഞ്ഞു.