തിരുവനന്തപുരം: ഷാരോണും ഗ്രീഷ്മയും തമ്മിൽ പ്രണയത്തിലായിട്ട് ഒരുവർഷം മാത്രം. ഒരുമിച്ചുള്ള ബസ് യാത്രയിലാണ് ഇരുവരും പരസ്പരം അടുക്കുന്നത്. അഴകിയമണ്ഡപം മുസ്ലിം ആർട്സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർഥിയായ ഗ്രീഷ്മയും നെയ്യൂർ ക്രിസ്ത്യൻ കോളേജിലെ വിദ്യാർഥിയായ ഷാരോണും നിത്യവും ഒരേ ബസിലാണ് യാത്ര ചെയ്യുന്നത്. അങ്ങനെ കണ്ടുള്ള പരിചയം അടുപ്പവും പ്രണയവുമായി വളർന്നു. അഴകിയമണ്ഡപം കഴിഞ്ഞാണ് നെയ്യൂർ. അഴകിയമണ്ഡപത്ത് ഗ്രീഷ്മക്കൊപ്പം ബസിറങ്ങുന്ന ഷാരോൺ ഏറെ നേരം ഗ്രീഷ്മയുമായി ചെലവിട്ട് മറ്റൊരു ബസിലാണ് പിന്നീട് നെയ്യൂരിലേക്ക് പോകാറ്. ഇരുവരും ഗാഢമായ പ്രണയത്തിലായിരുന്നെന്ന് സുഹൃത്തുക്കൾ പറയുന്നു. പിന്നീട് ഷാരോണിന്റെ ഇരുചക്രവാഹനത്തിലായി ഇരുവരുടെയും യാത്ര. ചില ദിവസങ്ങളിൽ ഇവർ ബൈക്കിൽ മറ്റ് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാറുണ്ട്. വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചായിരുന്നു യാത്രകൾ.
യാത്രയുടെ വീഡിയോയും ചിത്രങ്ങളുമെല്ലാം ഷാരോണിന്റെ ഫോണിൽ ഉണ്ടായിരുന്നു. അത്തരമൊരു യാത്രയിലെ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഇതിൽ ഗ്രീഷ്മ ഷാരോണിനെ ജ്യൂസ് കുടിക്കാൻ പ്രേരിപ്പിക്കുന്നത് വ്യക്തം. ഗ്രീഷ്മയുടെ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് ഇരുവരുടെയും ബന്ധം അറിയുന്നത്. ബിഎ റാങ്ക് ഹോൾഡറായ ഗ്രീഷ്മ എംഎ പഠനത്തിൽ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടതോടെയാണ് വീട്ടുകാർ അന്വേഷിച്ചത്. എന്നാൽ, ബന്ധം അവസാനിപ്പിച്ചെന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് പ്രണയം തുടർന്നു.
താലികെട്ടി, സിന്ദൂരം ചാർത്തി ഭാര്യയായി ഗ്രീഷ്മ
ഗ്രീഷ്മയെ ഷാരോൺ താലികെട്ടുകയും സിന്ദൂരം അണിയിക്കുകയും ചെയ്തിരുന്നതായി ഷാരോണിന്റെ അമ്മ പറയുന്നു. ജാതകദോഷം മറികടക്കാൻ താലികെട്ടാനും സിന്ദൂരം അണിയിക്കാനും ഗ്രീഷ്മ ആവശ്യപ്പെടുകയായിരുന്നത്രേ. എന്നാൽ, ജാതക ദോഷ ആരോപണത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തുകയാണ്. നിലവിൽ കൊലപാതകത്തിന്റെ കാരണത്തിലേക്ക് ജാതകദോഷം നയിച്ചെന്ന ആരോപണത്തിന് പൊലീസ് സ്ഥിരീകരണം നൽകിയിട്ടില്ല. ഗ്രീഷ്മയെ താലികെട്ടിയതും സിന്ദൂരം അണിയിച്ചതും ഷാരോൺ അമ്മയോട് പറഞ്ഞിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ കൈയിലുണ്ടെന്ന് ഷാരോണിന്റെ സഹോദരനും പറഞ്ഞു. മഞ്ഞച്ചരടിൽ കോർത്ത താലിയും സിന്ദൂരവുമണിഞ്ഞ് നിൽക്കുന്ന ഗ്രീഷ്മയുടെ ചിത്രങ്ങളും ഷാരോണിന്റെ ഫോണിലുണ്ട്. എന്നും വൈകീട്ട് താലിയും സിന്ദൂരവും അണിഞ്ഞ് നിൽക്കുന്ന ചിത്രം ഗ്രീഷ്മ ഷാരോണിന് അയച്ചു നൽകാറുണ്ടെന്നും വീട്ടുകാർ ആരോപിച്ചു.
ഇതിനിടെയാണ് ഗ്രീഷ്മക്ക് മറ്റൊരു വിവാഹലോചന വന്നത്. സെപ്റ്റംബറിലായിരുന്നു വിവാഹം നിശ്ചയിച്ചത്. പിന്നീട് ഫെബ്രുവരിയിലേക്ക് മാറ്റി. വിവാഹത്തിന് ഷാരോൺ തടസ്സമാകുമെന്ന കണക്കുകൂട്ടലാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് കരുതുന്നു. എന്നാൽ, ജാതകദോഷം മാറ്റാനിയി ഷാരോണിനെ കൊലപ്പെടുത്തുകയായിരുന്നു ഗ്രീഷ്മയുടെ ലക്ഷ്യമെന്ന് വീട്ടുകാർ ആരോപിക്കുന്നു.