ലോകത്തിലെ ഏറ്റവും വലിയ ഐഫോൺ നിർമ്മാണ പ്ലാന്റിൽ പണിയെടുക്കാൻ തൊഴിലാളികളെ കിട്ടാത്ത സ്ഥിതി. ചൈനയിലെ പ്ലാന്റിൽ കൊവിഡ് നിയന്ത്രണത്തെ തുടർന്നാണ് ജോലി ചെയ്യാൻ തൊഴിലാളികൾ വിസമ്മതിക്കുന്നത്. തൊഴിലാളികളിൽ പലരും പ്ലാന്റ് വിട്ടതായാണ് റിപ്പോർട്ട്. താൽപര്യമുള്ളവർക്ക് പ്ലാന്റിൽ തന്നെ താമസിച്ച് ജോലി ചെയ്യാനുള്ള അവസരം കമ്പനി ഒരുക്കിയിട്ടുണ്ടെങ്കിലും ഭൂരിഭാഗം തൊഴിലാളികളും സ്വന്തം വീടുകളിലേക്ക് മടങ്ങുകയാണ്. സെൻട്രൽ ഹനാൻ പ്രവിശ്യയിലെ ഫോക്സ്കോണിന്റെ ഉടമസ്ഥതയിലുള്ള പ്ലാന്റിൽ 2 ലക്ഷത്തോളം പേർ തൊഴിൽ ചെയ്യുന്നുണ്ട്. കർശനമായ കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് പ്ലാന്റിലെ തൊഴിലാളികൾ ഇവിടെനിന്ന് ഓടി പോകുന്ന സ്ഥിതിയാണ്. കൊവിഡ് വ്യാപനം തടയുന്നതിനു വേണ്ടിയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
ഫോക്സ്കോണിന്റെ പ്ലാന്റ് നിലനിൽക്കുന്ന പ്രദേശത്തിന് സമീപത്തുള്ള നഗരങ്ങളിലെ പ്രാദേശിക ഭരണകൂടം തൊഴിലാളികളോട് ഉടനെ തങ്ങളെ ബന്ധപ്പെടാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ തൊഴിലാളികളെ കുറെ ദിവസത്തേക്ക് നിരീക്ഷണത്തിൽ പാർപ്പിച്ചേക്കും. പ്ലാന്റിൽ നിന്ന് പുറത്തേക്ക് പോകുന്ന തൊഴിലാളികളെ ബസുകളിലും മറ്റും പ്രാദേശിക ഭരണകൂടങ്ങൾ ഐസൊലേഷൻ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നുണ്ട്.
രാജ്യത്ത് കർശനമായ കൊവിഡ് നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഒരൊറ്റ കോവിഡ് രോഗി പോലും ഇല്ലാത്ത നിലയിലേക്ക് കാര്യങ്ങൾ എത്തിക്കുക എന്നുള്ളതാണ് ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ലക്ഷ്യം. എന്നാൽ ഈ ശ്രമം ആഗോള സാമ്പത്തിക സ്ഥിതിക്ക് തിരിച്ചടിയാകും. വിതരണ ശൃംഖല തടസ്സപ്പെടുകയും അതുവഴി സാമ്പത്തിക പ്രതിസന്ധി ഉണ്ടാവുകയും ചെയ്തേക്കും എന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. കൊവിഡ് നിയന്ത്രണങ്ങൾ ലോക രാജ്യങ്ങളിൽ ലഘൂകരിക്കുകയോ നീക്കുകയോ ചെയ്യുമ്പോഴാണ് ചൈന നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്. മിക്ക രാജ്യങ്ങളും കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കുകയോ ലഘൂകരിക്കുകയോ ചെയ്തു. കൊവിഡ് പടര്‍ന്നുപിടിച്ച അമേരിക്കയടക്കം പൊതുപരിപാടികള്‍ അടക്കം അനുവദിച്ചു.