ലണ്ടന്‍: ബ്രിട്ടന്‍റെ മുന്‍ പ്രധാനമന്ത്രിയായ ലിസ് ട്രസിന്‍റെ സ്വകാര്യ ഫോണ്‍ റഷ്യ ചോര്‍ത്തി. ബോറിസ് ജോണ്‍സന്‍റെ മന്ത്രിസഭയില്‍ വിദേശകാര്യ സെക്രട്ടറിയായിരിക്കുമ്പോള്‍ മുതലാണ് ലിസ് ട്രസിന്‍റെ സ്വകാര്യ ഫോണ്‍ ചോര്‍ത്തപ്പെട്ടത്. ഏതാണ്ട് ഒരു വര്‍ഷത്തോളം ഇവരുട ഫോണ്‍ ചോര്‍ത്തപ്പെട്ടു. ഇത് സംബന്ധിച്ച് പത്രവാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ വിഷയത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. സുരക്ഷാ വീഴ്ചയും വിവരം ഏങ്ങനെ പത്രത്തിന് ലഭിച്ചെന്നതും അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പിന്നാലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മന്ത്രിമാര്‍ക്കും സൈബര്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചതായി ബ്രിട്ടന്‍ അറിയിച്ചു.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃസ്ഥാനത്തേക്കും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പിനും ഇടയിലാണ് ലിസ് ട്രസിന്‍റെ സ്വകാര്യ ഫോണ്‍ ചോര്‍ത്തിയതെന്നും ഫോണ്‍ ചോര്‍ത്തലിന് പിന്നില്‍ റഷ്യന്‍ ചാരന്മാരാണെന്നും ‘ദ മെയില്‍’ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. സുരക്ഷാ വീഴ്ചയെ കുറിച്ചുള്ള വിവരം അറിഞ്ഞിട്ടും പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും ഉന്നത ഉദ്യോഗസ്ഥരും വിവരം മറച്ച് വെച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെയാണ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയത്. ഹാക്കിനെക്കുറിച്ചുള്ള വിശദാംശങ്ങൾ അന്നത്തെ പ്രധാനമന്ത്രി ബോറിസ് ജോൺസണും ക്യാബിനറ്റ് സെക്രട്ടറി സൈമണും മുക്കുകയായിരുന്നു. “വാർത്ത ബ്ലാക്ക്ഔട്ട്” ആണെന്ന് ഇവര്‍ പറഞ്ഞെന്നും ‘ദി മെയിൽ ഓൺ സൺഡേ’യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ലിസ് ട്രസും വിദേശകാര്യ ഉദ്യോഗസ്ഥരുമായുള്ള സ്വകാര്യ സംഭാഷണങ്ങളും യുക്രൈന്‍ യുദ്ധം പോലെ അടിയന്തരപ്രധാനമായ വിഷയങ്ങളും ചോര്‍ത്തപ്പെട്ടെന്ന് കരുതുന്നു. പ്രധാനമന്ത്രിയായിരുന്ന 45 ദിവസം ലിസ് ട്രസും ചാന്‍സലറും സുഹൃത്തുമായ ക്വാസ് ക്വാര്‍ട്ടേങ്ങുമായി നടത്തിയ സംഭാഷണങ്ങളും ചോര്‍ത്തപ്പെട്ടതില്‍ ഉള്‍പ്പെടുന്നു. ലിസ് ട്രസിന്‍റെ സ്വകാര്യ സന്ദേശങ്ങളും ഹാക്ക് ചെയ്യപ്പെട്ടതായി പത്രം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ഒരു വര്‍ഷത്തോളം ലിസ് ട്രസ് അയച്ചതും സ്വീകരിച്ചതുമായ എല്ലാ സന്ദേശങ്ങളും ചോര്‍ത്തപ്പെട്ടു. ഇതില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ വിമര്‍ശിക്കുന്ന സംഭാഷണങ്ങളും യുക്രൈന്‍ യുദ്ധം സംബന്ധിച്ച വിവരങ്ങളുമുണ്ട്.
ബോറിസ് ജോണ്‍സണ്‍ രാജി വച്ചതിനെ തുടര്‍ന്ന് പ്രധാനമന്ത്രി പദത്തിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് ലിസ് ട്രസിന്‍റെ ഫോണ്‍ ചോര്‍ത്തപ്പെട്ടതെന്ന് ബ്രിട്ടീഷ് ഇന്‍റലിജന്‍സ് കണ്ടെത്തുന്നത്. എന്നാല്‍ സര്‍ക്കാറിത് മറച്ചുവച്ചുവെന്നാണ് ആരോപണം. ഫോണ്‍ ചോര്‍ത്തിയതിനെ തുടര്‍ന്ന് 10 വര്‍ഷമായി ലിസ് ട്രസ് ഉപയോഗിച്ചിരുന്ന സ്വകാര്യ ഫോണ്‍ നമ്പര്‍മാറ്റിയെന്നും വാര്‍ത്തയില്‍ പറയുന്നു. വിഷയത്തോട് ഇതുവരെ റഷ്യ പ്രതികരിച്ചിട്ടില്ല.