തിരുവനന്തപുരം : കോവളത്ത് വിദേശ വനിത ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസിൽ വിചാരണ നടപടികൾ അന്തിമഘട്ടത്തിലേക്ക്. കേസിന്റെ അന്തിമ വാദം തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷൻസ് കോടതിയിൽ പുരോഗമിക്കവേ കോടതി നടപടികൾ തത്സമയം കാണാൻ വിദേശ വനിതയുടെ സഹോദരിക്ക് കോടതി അനുവാദം നൽകി. ഇതിനായി കോടതിമുറിയിൽ പ്രത്യേക സജ്ജീകരണം ഒരുക്കി.
ഇതാദ്യമായാണ് കോടതി നടപടികൾ തത്സമയം വീക്ഷിക്കാൻ ഇത്തരമൊരു അനുമതി കോടതി നൽകുന്നത്. അന്തിമവാദം ഉൾപ്പടെയുള്ള കോടതി നടപടികൾ തത്സമയം കാണാൻ അവസരം നൽകണം എന്നാവശ്യപ്പെട്ട് വിദേശ വനിതയുടെ സഹോദരി ഇൽസയും, ലാത്വിയൻ എംബസിയും ഹൈക്കോടതിയെയും, വിചാരണ കോടതിയെയും സമീപിച്ചിരുന്നു.
സാക്ഷി വിസ്താരം ഉൾപ്പെടെയുള്ള കേസിന്റെ വിചാരണ നടപടികളിൽ നേരിട്ട് പങ്കെടുക്കുന്നതിനായി വിദേശ വനിതയുടെ സഹോദരി കഴിഞ്ഞ ഒമ്പത് മാസമായി തിരുവന്തപുരത്തു തുടരുകയായിരുന്നു. വിസ കാലാവധി അവസാനിച്ചതിനെ തുടർന്ന് സ്വദേശത്തേക്ക് മടങ്ങേണ്ടി വന്ന സാഹചര്യത്തിലാണ് കോടതി നടപടികൾ തത്സമയം കാണാൻ ഓൺലൈൻ ആയി അനുവദിക്കണം എന്നാവശ്യപ്പെട്ട് ഇൽസ കോടതിയെ സമീപിച്ചത്.
തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷൻസ് കോടതി ജഡ്ജി കെ.സനിൽ കുമാർ ആണ് കേസിൽ അന്തിമ വാദം കേൾക്കുന്നത്.2018 ഏപ്രിൽ 20 നാണ് കോവളത്തിന് സമീപം ലാത്വിയൻ സ്വദേശിനിയുടെ മൃതദേഹം തിരിച്ചറിയാനാകാത്ത വിധം കണ്ടെത്തിയത്. ആയുർവേദ ചികിത്സക്കായി തിരുവനന്തപുരത്തെത്തിയ യുവതിയെ കാണാതായി ഒരു മാസത്തിനു ശേഷമാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തിരുവല്ലം സ്വദേശികളായ ഉമേഷ്, ഉദയൻ എന്നിവരാണ് കേസിലെ പ്രതികൾ.