പാലക്കാട് : പാലക്കാട് ഗോവിന്ദാപുരത്ത് ഭാര്യയെ വെട്ടിക്കൊന്ന കേസിൽ ഭർത്താവിന് ജീവപര്യന്തം തടവ് ശിക്ഷ. ഗോവിന്ദാപുരത്തെ ആട്ടയാം പതിയിൽ വിനുവിനെയാണ് ഭാര്യ ദീപയെ കൊന്ന കേസിൽ മണ്ണാർക്കാട് എസ് സി/ എസ് ടി കോടതി ശിക്ഷിച്ചത്. പ്രതി ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് പുറമെ മൂന്ന് ലക്ഷം രൂപ പിഴയും നൽകണം. പിഴയൊടുക്കിയില്ലെങ്കിൽ ഒരു വർഷം കൂടി അധിക തടവ് അനുഭവിക്കണം എന്നും കോടതി വിധിച്ചു. കേസിൽ വിനു കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മണ്ണാർക്കാട് എസ് സി/ എസ് ടി വിചാരണക്കോടതി ജഡ്ജി കെ എം രതീഷ് കുമാറാണ് ശിക്ഷ വിധിച്ചത്. കേസിൽ വിസ്തരിച്ച 30 സാക്ഷികളുടെ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി.
2014 ഫെബ്രുവരി 13 നാണ് കേസിന് ആസ്പദമായ കൊലപാതകം നടന്നത്. ഭാര്യയോടുള്ള സംശയമാണ് വെട്ടിക്കൊലയിൽ കലാശിച്ചത്. ദീപ വിനു ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. മൂത്ത കുട്ടിയെ സ്കൂളിൽ പറഞ്ഞയച്ച ശേഷം ഇളയകുട്ടിയെ അങ്കണ വാടിയിലേക്ക് ഒരുക്കുമ്പോഴാണ് മടവാൾ കൊണ്ട് ദീപയെ വിനു വെട്ടിയത്. ആശുപത്രിയിലേത്തിക്കുമ്പോഴേക്കും ദീപ മരിച്ചു. ദീപയുടെ ശരീത്തിൽ മാരകമായ 11 വെട്ടുകളുണ്ടായെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. പ്രതി ശിക്ഷിക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്ന് ദീപയുടെ രക്ഷിതാക്കൾ പ്രതികരിച്ചു. ആലത്തൂർ എഎസ്പിയായിരുന്നു കാർത്തിക് അന്വേഷണം നടത്തിയ കേസിൽ നിലവിലെ എ ഐ ജി ഹരിശങ്കറാണ് അന്തിമ കുറ്റപത്രം നൽകിയത്.