ഗുജറാത്ത് : 134 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിൽ അതിജീവിച്ചവരെ കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതിന് മുന്നോടിയായി ആശുപത്രിയിൽ ഒറ്റ രാത്രികൊണ്ട് ‘സേവനവാരം’. ഗുജറാത്തിലെ മോർബിയിലെ സിവിൽ ആശുപത്രിയാണ് ഒറ്റ രാത്രികൊണ്ട് മോടി പിടിപ്പിച്ചത്.
മച്ചു നദിക്ക് കുറുകെയുള്ള തൂക്കുപാലം തകർന്ന് മരിച്ച134 പേരിൽ 47 പേരും കുട്ടികളാണ്. പരിക്കേറ്റ നൂറിലധികം പേർ ചികിത്സയിലുമാണ്. അവരിൽ പലരും മോർബി സിവിൽ ആശുപത്രിയിലാണ് ചികിത്സ തേടിയിരിക്കുന്നത്. പ്രധാനമന്ത്രി ഈ ആശുപത്രിയിലുള്ളവരെ സന്ദർശിക്കുമെന്നിരിക്കെയാണ് പെട്ടന്നുള്ള അലങ്കാരപ്പമികളെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ചുമരുകളും മേൽക്കൂരയുടെ ഭാഗങ്ങളും പുതുതായി പെയിന്റ് ചെയ്തു. പുതിയ വാട്ടർ കൂളറുകൾ കൊണ്ടുവന്നു. പാലം ദുരന്തത്തിൽ പരിക്കേറ്റവരിൽ 13 ഓളം പേരെ പ്രവേശിപ്പിച്ചിരിക്കുന്ന രണ്ട് വാർഡുകളിലെ ബെഡ്ഷീറ്റുകളും വേഗത്തിൽ മാറ്റി. രാത്രി ഏറെ വൈകിയും നിരവധി ആളുകൾ പരിസരം തൂത്തുവാരുന്നത് കാണാമെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം പഴയ വാട്ടർ കൂളറുകളും കേടായ മതിലുകളും സീലിംഗും ശുചീകരണത്തിനിടയിലും ആശുപത്രിയുടെ യഥാർത്ഥ ചിത്രം വ്യക്തമാക്കുന്നു. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായുള്ള നവീകരണം വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഫോട്ടോഷൂട്ട് ഉറപ്പാക്കാൻ ബിജെപി ഇവന്റ് മാനേജ്‌മെന്റിന്റെ തിരക്കിലാണെന്ന് പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസും ആം ആദ്മി പാർട്ടിയും (എഎപി) ആരോപിച്ചു.
ഇതൊരു ദുരന്ത സംഭവമാണെന്ന് ഓർമ്മിപ്പിച്ച് ഹിന്ദിയിൽ കോൺഗ്രസിന്റെ ഔദ്യോഗിക ട്വീറ്റ് പ്രത്യക്ഷപ്പെട്ടു. “നാളെ, പ്രധാനമന്ത്രി മോദി മോർബിയിലെ സിവിൽ ആശുപത്രി സന്ദർശിക്കും. അതിന് മുന്നോടിയായി, പെയിന്റിംഗ് നടക്കുന്നു, തിളങ്ങുന്ന ടൈലുകൾ പാകുന്നു, എല്ലാ ക്രമീകരണങ്ങളും ചെയ്തുവരുന്നു. പ്രധാനമന്ത്രിയുടെ ചിത്രങ്ങളിൽ അപാകതയൊന്നും ഇല്ലെന്ന് ഉറപ്പുവരുത്താൻ ആണ് ഇത്. അവർക്ക് നാണമില്ല, ഒരുപാട് പേർ മരിച്ചിടത്തും അവർ ഇവന്റ് മാനേജ്‌മെന്റിൽ തിരക്കിലാണ്.” – എന്നാണ് ട്വീറ്റ്
ഈ വർഷത്തെ ഗുജറാത്ത് തെരഞ്ഞെടുപ്പിൽ സംസ്ഥാനം പിടിക്കാൻ ശ്രമിക്കുന്ന ആം ആദ്മി പാർട്ടി (എഎപി) ‘ആശുപത്രി നവീകരണത്തിന്റെ’ ചിത്രങ്ങൾ ട്വീറ്റ് ചെയ്തു. “മോർബി സിവിൽ ആശുപത്രിയിലെ ദൃശ്യങ്ങൾ. പ്രധാനമന്ത്രിയുടെ നാളത്തെ ഫോട്ടോഷൂട്ടിൽ അപാകതയില്ലെന്ന് ഉറപ്പാക്കാൻ അറ്റകുറ്റപ്പണികൾ നടക്കുന്നു. കഴിഞ്ഞ 27 വർഷമായി ബിജെപി പ്രവർത്തിച്ചിരുന്നെങ്കിൽ, അർദ്ധരാത്രിയിൽ ആശുപത്രി അലങ്കരിക്കേണ്ട ആവശ്യം വരുമായിരുന്നില്ല” – ആംആദ്മി ട്വീറ്റ് ചെയ്തു.