തിരുവനന്തപുരം: സംസ്ഥാനത്ത് ഡിജിറ്റല്‍ റീസർവെക്ക് തുടക്കമായി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കാലതാമസവും തെറ്റുകളും ഇല്ലാതെ ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ ഡിജിറ്റല്‍ റീ സര്‍വ്വേയിലൂടെ സാധിക്കും. ഏത് സേവനം വന്നാലും മനോഭാവം മാറുകയാണ് പ്രധാനം. ഒറ്റപ്പെട്ടതാണെങ്കിലും തെറ്റായ പ്രവണതകളും വ്യത്യസ്തമായ ഇടപെടലുകളും ഉണ്ടാകുന്നുണ്ട്. അത്തരം ആളുകളെ സർക്കാർ സംരക്ഷിക്കില്ലെന്ന് പിണറായി വ്യക്തമാക്കി.
ഒറ്റപ്പെട്ട തെറ്റായ പ്രവണതകൾ ഇല്ലാതാകണം. ജനം ആഗ്രഹിക്കുന്നത് ആ രീതിയല്ല. ജനങ്ങളുമായി ബന്ധപ്പെടുന്ന വകുപ്പുകളുടെ പ്രവർത്തനം നോക്കിയാണ് സർക്കാരിനെ വിലയിരുത്തുന്നത്. കാര്യക്ഷമവും സുതാര്യവുമായ പ്രവർത്തനം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നാലുവര്‍ഷം കൊണ്ട് കേരളം പൂര്‍ണമായും ഡിജിറ്റലായി മാറി. സര്‍വെ ചെയ്ത് റിക്കാര്‍ഡുകള്‍ തയ്യാറാക്കുന്ന പദ്ധതിയിൽ ആദ്യഘട്ടത്തില്‍ 200 വില്ലേജുകളിലാണ് തുടക്കം കുറിക്കുന്നത്.
ആദ്യത്തെ മൂന്ന് വര്‍ഷം 400 വില്ലേജുകള്‍ വീതവും അവസാന വര്‍ഷം 350 വില്ലേജുകളും സര്‍വെ ചെയ്ത് ആകെ 1550 വില്ലേജുകള്‍ ഡിജിറ്റല്‍ സര്‍വെ ചെയ്ത് നാലു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. ഇതിനായി സര്‍വെ ഭൂരേഖാ വകുപ്പിലെ നിലവിലുള്ള ജീവനക്കാര്‍ക്ക് പുറമെ 1500 സര്‍വെയര്‍മാരെയും 3200 ഹെല്‍പര്‍മാരെയും ഉള്‍പ്പെടെ ആകെ4700 പേരെ കരാര്‍ അടിസ്ഥാനത്തിലും നിയമിക്കുമെന്നും പിണറായി പറഞ്ഞു.