നെയ്‌റോബി: സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവിൽ വിദ്യാഭ്യാസ മന്ത്രാലയത്തിന് പുറത്തുണ്ടായ രണ്ട് കാർ ബോംബ് സ്‌ഫോടനങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 120 ആയതായി ആരോഗ്യമന്ത്രി അറിയിച്ചു. ഇതിനിടെ അൽ ഖ്വയ്ദയുമായി ബന്ധമുള്ള ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ അൽ ഷബാബ് ശനിയാഴ്ച സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. 2017 ഒക്ടോബറിൽ ഇതേ സ്ഥലത്ത് ട്രക്ക് ബോംബ് സ്ഫോടനത്തില്‍ 500 ലധികം പേർ കൊല്ലപ്പെട്ടതിന് ശേഷം സൊമാലിയയിലെ ഏറ്റവും മാരകമായ സ്ഫോടനമായിരുന്നു കഴിഞ്ഞ ദിവസമുണ്ടായത്.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന് നേരെ ആദ്യ സ്‌ഫോടനം ഉണ്ടായത്. സ്ഫോടനത്തിന് പിന്നാലെ മിനിറ്റുകൾക്കുള്ളില്‍ ആംബുലൻസുകൾ സ്ഥലത്തിയിരുന്നു. പിന്നാലെ പരിക്കേറ്റവരെ സഹായിക്കാന്‍ നിരവധി പേരെത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് രണ്ടാമത്തെ സ്ഫോടനം നടന്നത്. രണ്ട് തുടര്‍സ്ഫോടനങ്ങള്‍ നടന്നതോടെ പരിക്കേറ്റവരുടെയും മരിച്ചവരുടെയും സംഖ്യയില്‍ വലിയ വര്‍ദ്ധനവുണ്ടായി.
ആദ്യ സ്‌ഫോടനത്തിന് ഇരയായവരെ സഹായിക്കാൻ ആളുകൾ തടിച്ചുകൂടുന്നതിനിടെയാണ് രണ്ടാമത്തെ സ്ഫോടനം നടന്നത്. “ആദ്യത്തെ സ്‌ഫോടനത്തിൽ പരിക്കേറ്റവരെ കൊണ്ടുപോകാൻ വന്ന ഞങ്ങളുടെ ആംബുലൻസിന് രണ്ടാമത്തെ സ്‌ഫോടനത്തിൽ കത്തിനശിച്ചു,” ആമിൻ ആംബുലൻസ് സർവീസിലെ അബ്ദികാദിർ അബ്ദുറഹ്മാൻ വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു. സ്‌ഫോടനത്തിൽ ഡ്രൈവർക്കൊപ്പം പ്രഥമശുശ്രൂഷാ പ്രവർത്തകനും പരിക്കേറ്റതായി അദ്ദേഹം പറഞ്ഞു.
സ്വതന്ത്ര മാധ്യമപ്രവർത്തകൻ മുഹമ്മദ് ഇസെ കോന ഉൾപ്പെടെയുള്ളവര്‍ സ്ഫോടനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടെന്ന് സോമാലിയൻ ജേണലിസ്റ്റ് സിൻഡിക്കേറ്റ് (എസ്ജെഎസ്) സ്ഥിരീകരിച്ചു. മരണസംഖ്യ 120 ആയെന്നും 150 പേർ കൂടി ആശുപത്രിയിൽ ചികിത്സയിലാണെന്നും ആരോഗ്യമന്ത്രി അലി ഹാജി ഏദൻ പറഞ്ഞു. ഏതാണ്ട് 300 ളം പേർക്ക് പരുക്കേറ്റതായാണ് വിവരം. സർക്കാരിനെ അട്ടിമറിച്ച് സ്വന്തം ഭരണം സ്ഥാപിക്കാൻ ശ്രമിക്കുന്ന അൽ ഷബാബ്, മൊഗാദിഷുവിലും മറ്റിടങ്ങളിലും പതിവായി ആക്രമണങ്ങൾ നടത്തുകയാണ്.
പ്രസിഡന്‍റ് ഹസൻ ഷെയ്ഖ് മുഹമ്മദ് തീവ്രവാദികള്‍ക്കെതിരെ അമേരിക്കയുടെയും സഖ്യകക്ഷികളായ പ്രാദേശിക സൈനികരുടെയും പിന്തുണയോടെ ആക്രമണം ആരംഭിച്ചിരുന്നു. ഇതോടെ തീവ്ര ഇസ്ലാമിസ്റ്റുകളുടെ സാമ്പത്തിക ശൃംഖലയ്ക്ക് ഇടിവ് വന്നു. ഇതോടെ കഴിഞ്ഞ ഓഗസ്റ്റ് മുതൽ ഇസ്ലാമിസ്റ്റ് ഗ്രൂപ്പിന് മേല്‍ സൈനിക സമ്മർദ്ദവും നിലനില്‍ക്കുന്നു. വര്‍ഷങ്ങളായി രാജ്യത്ത് വേരുറപ്പിക്കാന്‍ ശ്രമിക്കുന്ന അല്‍ ഷാബാബ് ചാവേര്‍ സ്ഫോടനങ്ങളിലൂടെ രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണ്. ഈ വർഷം ഓഗസ്റ്റിൽ, അൽ-ഷബാബ് തീവ്രവാദികൾ തലസ്ഥാനത്തെ ഹയാത്ത് ഹോട്ടലിൽ അതിക്രമിച്ച് കയറി. പിന്നാലെ സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടില്‍ 30 മണിക്കൂറാണ് നീണ്ട് നിന്നത്. ഈ അക്രമണത്തില്‍ 20 പേർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.