തിരുവനന്തപുരം : സദ്ഗുണങ്ങൾ ഇല്ലാത്തവർ പൊലീസിൽ തുടരേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .പൊലീസ് സേനയ്ക്ക് ചേരാത്ത പ്രവർത്തി ചെയ്യുന്നവർ ആ സേനയുടെ ഭാഗമായി നിൽക്കണോ എന്നും മുഖ്യമന്ത്രി ചോദിച്ചു. ചിലരുടെ പ്രവർത്തികൾ സേനക്ക് അപമാനമുണ്ടാക്കുന്നു. പൊലീസ് ഇങ്ങനെയാകാൻ പാടില്ലെന്ന് ജനം ആഗ്രഹിക്കുന്നുവെന്നും മുഖ്യമന്ത്രി പഞ്ഞു.
ഒറ്റപ്പെട്ട സംഭവത്തെയും സമൂഹം ഗൗരവത്തോടെ കാണുന്നുണ്ട്. ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത ചില പ്രവർത്തികൾ ഉണ്ടാവുമ്പോൾ വിമർശനമുണ്ടാകും. അപ്പോൾ അസ്വസ്ഥപ്പെടേണ്ട. വിരലിൽ എണ്ണാവുന്ന സംഭവങ്ങളാണെങ്കിലും അത് അംഗീകരിക്കാൻ കഴിയില്ല. ആരുടെയും കഞ്ഞി കുടി മുട്ടിക്കുക സർക്കാരിന്റെ ലക്ഷ്യമല്ല. പക്ഷെ തെറ്റു ചെയ്യുന്ന ഒരാളെയും സംരക്ഷിക്കേണ്ട കാര്യമില്ലെന്ന് പിണറായി മുന്നറിയിപ്പ് നല്‍കി. നിർഭയമായും സത്യസന്ധമായും ജോലി ചെയ്യാൻ സാഹചര്യമുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്തെ മികച്ച സേനയാണ് കേരള പൊലീസ്. പ്രകൃതി ദുരന്തമുണ്ടായപ്പോൾ ജനങ്ങൾക്കൊപ്പം നിന്നു. കൊവിഡ് കാലത്തും പൊലിസിന്റെ പ്രവർത്തനം മാതൃകാപരം ആയിരുന്നു. ആധുനിക സാങ്കേതിക വിദ്യ പൊലിസ് നല്ല നിലയിൽ ഉപയോഗിക്കുന്നുണ്ട്. ഇലന്തൂർ ഇരട്ട നരബലിക്കേസും പാറശാലയിലെ ഷാരോൺരാജ് വധക്കേസും അന്വേഷിച്ച് കണ്ടെത്തുന്നതിൽ പൊലീസ് മികച്ച പ്രകടനം കാഴ്ചവച്ചു. പൊലീസ് യശസ് നേടിയ ഘട്ടമാണിത്.
എന്നാല്‍ എങ്ങനെയെങ്കിലും പ്രശ്നമുണ്ടാക്കാൻ ചിലർ ഗവേഷണം നടത്തുന്നുണ്ട്. അതിനെയെല്ലാെ തരണം ചെയ്ത് ജോലി ചെയ്യുന്ന പൊലീസിനെ അഭിനന്ദിക്കുന്നവെന്നും പിണറായി വിജയൻ പറഞ്ഞു. കേരള പോലീസിന്‍റെ 67 -ാമത് രൂപീകരണ ദിനാഘോഷത്തോടനുബന്ധിച്ചുളള പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിവാദ്യം സ്വീകരിച്ചു. മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകളും വിതരണം ചെയ്തു.