തിരുവനന്തപുരം: വിഴിഞ്ഞം സമരസമിതി കലാപത്തിന് കോപ്പ് കൂട്ടുകയാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പൊലീസിന് നേരെ നിരവധി അക്രമ പ്രവർത്തനങ്ങളാണ് സമരക്കാർ നടത്തുന്നത്. വള്ളവും വലയും കത്തിച്ച് പ്രദേശത്ത് ഭീതി ഉണ്ടാക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
ചികിത്സയിൽ കഴിയുന്ന മുൻ ആർച്ച് ബിഷപ്പ് ഡോ.സൂസപാക്യത്തെ സമരത്തിലേക്ക് വലിച്ചിഴക്കാൻ ശ്രമിക്കുന്നത് അപായകരമായ നീക്കമാണ്. ഡോ.സൂസപാക്യത്തിന്റെ ആരോഗ്യ നിലയ്ക്ക് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുണ്ടായാൽ അതിന്‍റെ പൂർണ്ണ ഉത്തരവാദിത്വം സമരസമിതിക്കാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
വിഴിഞ്ഞം തുറമുഖ പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കേണ്ടത് കേരളത്തിന്റെ പൊതു ആവശ്യമാണെന്നും സംസ്ഥാനത്തിനുണ്ടാകുന്ന നേട്ടങ്ങള്‍ കണക്കിലെടുത്ത് സമരം പിന്‍വലിച്ച് നാടിന്റെ വികസന വീഥിയില്‍ അണിചേരുവാന്‍ ബന്ധപ്പെട്ടവര്‍ അടിയന്തിരമായി തയ്യാറാകണമെന്നും തുറമുഖം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ആവശ്യപ്പെട്ടു. ഇന്ത്യയിലെ ചരക്ക് നീക്കത്തിന്റെ 30 ശതമാനത്തോളം വിഴിഞ്ഞം അന്താരാഷ്ട്ര കപ്പല്‍ ചാലിലൂടെയാണെങ്കിലും ചരക്ക് നീക്കത്തിന്റെ മുക്കാല്‍ പങ്കും നിലവില്‍ കൊളമ്പോയില്‍ നിന്നുമാണ് കൈകാര്യം ചെയ്യുന്നത്. ഇതുവഴി പ്രതിവര്‍ഷം 2,000 കോടിയുടെ നഷ്ടം രാജ്യത്തിനുണ്ടെന്നാണ് അനുമാനിക്കുന്നത്.
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് പോലീസ് സംരക്ഷണം നൽകാനുള്ള ഉത്തരവ് നടപ്പായില്ലെന്ന് അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ അറിയിച്ചു.പോലീസ് ബാരിക്കേഡ് വരെ സമരക്കാർ എടുത്ത് കൊണ്ടുപോയി.4000 പേർ ഇപ്പോഴും പദ്ധതി പ്രദേശത്ത് സംഘടിച്ചിരിക്കുന്നു.ഒത്തുതീർപ്പ് ചർച്ച നടക്കുന്നുവെന്ന് സമരസമിതി വ്യക്തമാക്കി.മുഖ്യമന്ത്രിയുടെ മധ്യസ്ഥതയിലാണ് ചർച്ചകൾ.ഇതിൽ തീരുമാനം ആകുന്നത് വരെ സമയം അനുവദിക്കണം എന്ന് കോടതിയോട് ് അഭ്യര്‍ത്ഥിച്ചു.തുറമുഖത്തേക്കുള്ള വഴി തടയില്ല എന്ന് ഉറപ്പ് വരുത്താൻ ആകുമോ എന്ന് കോടതി ചോദിച്ചു.വഴി തടയില്ല എന്ന സമരക്കാരുടെ ഉറപ്പ് കോടതി രേഖപ്പെടുത്തി.അദാനിയുടെയും കരാർ കമ്പനിയുടെയും കോടതിയലക്ഷ്യ ഹർജികൾ വെള്ളിയാഴ്ച്ചത്തേക്ക് മാറ്റി.