ദില്ലി: ദില്ലി മന്ത്രി സത്യേന്ദർ ജെയിന് ബലമായി തന്നോട് 10 കോടി രൂപ വാങ്ങിയതായി തട്ടിപ്പുകേസില്‍ ജയിലിലായ സുകേഷ് ചന്ദ്രശേഖർ ആരോപിച്ചു. ആം ആദ്മി പാർട്ടി (എഎപി) തലവനും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ ഇത് നിഷേധിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.
ദില്ലി ലെഫ്റ്റനന്റ് ഗവർണർ വികെ സക്‌സേനയ്ക്ക് അയച്ച കത്തിലാണ് ദക്ഷിണേന്ത്യയിലെ പാർട്ടിയിലെ സുപ്രധാന സ്ഥാനത്തിനും രാജ്യസഭാ സീറ്റിനുമായി താൻ ആം ആദ്മി പാർട്ടിക്ക് 50 കോടിയിലധികം രൂപ നൽകിയതായി സുകേഷ് ചന്ദ്രശേഖറും അവകാശപ്പെടുന്നത്. ഒക്‌ടോബർ ഏഴിന് അയച്ച കത്ത് ആംആദ്മി പാര്‍ട്ടി തട്ടിപ്പ് പാര്‍ട്ടിയാണെന്നതിന്‍റെ തെളിവാണ് എന്നാണ് ബിജെപി ചൂണ്ടിക്കാട്ടുന്നു.
ആരോപണങ്ങൾ തികച്ചും സാങ്കൽപ്പികമാണെന്നും ഗുജറാത്ത് തിരഞ്ഞെടുപ്പിൽ നിന്നും, ഞായറാഴ്ച 135 പേർ മരിച്ച മോർബി പാലം ദുരന്തത്തിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള ബിജെപിയുടെ നീക്കമാണ് ഇതെന്നുമാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ആരോപിച്ചത്.
“ഇന്നലെയാണ് മോർബി ദുരന്തമുണ്ടായത്. എല്ലാ ടിവി ചാനലുകളും ഇന്നലെ ഈ വിഷയം ഉന്നയിച്ചെങ്കിലും ഇന്ന് അത് അപ്രത്യക്ഷമായി, സുകേഷ് ചന്ദ്രശേഖറിന്റെ ആരോപണങ്ങൾ പ്രത്യക്ഷപ്പെട്ടു. ഇത് മൊർബിയിൽ നിന്ന് ശ്രദ്ധ തിരിക്കാൻ നട്ട തികച്ചും സാങ്കൽപ്പിക കഥയാണെന്ന് മനസിലാകുന്നില്ലെ ?” കെജ്‌രിവാൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു.