തിരുവനന്തപുരം∙ പാറശാലയിലെ ഷാരോണിന്റെ കൊലപതാകവുമായി ബന്ധപ്പെട്ട് പ്രതികളുമായി തെളിവെടുപ്പ് നടത്തി പൊലീസ്. ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെയും അമ്മാവൻ നിർമൽ കുമാറിനെയും പൂവാറിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. സ്വകാര്യ ആയുർവേദ ആശുപത്രിയിലാണ് തെളിവെടുപ്പ്. ഇവിടെനിന്നു വാങ്ങിയ മരുന്നുകൂട്ട് ഉപയോഗിച്ച് ഉണ്ടാക്കിയ കഷായത്തിലാണ് ഗ്രീഷ്മ കളനാശിനി കലർത്തി ഷാരോണിനു നൽകിയത്. ഗ്രീഷ്മ നൽകിയ കഷായവും ജൂസും കുടിച്ച്, കാമുകൻ പാറശാല മുര്യങ്കര സ്വദേശി ഷാരോൺ രാജ് മരിച്ച സംഭവത്തിൽ പാറശാലയിലെ ഒരു കഷായക്കടയിൽനിന്നാണ് കഷായം വാങ്ങിയതെന്നാണു ചോദ്യം ചെയ്യലിൽ ഗ്രീഷ്മ പറഞ്ഞത്.
കളിയിക്കാവിളയിൽനിന്ന് അമ്മാവൻ വാങ്ങിയ കീടനാശിനി ആരും കാണാതെ ഗ്രീഷ്മ കുപ്പിയിൽ ശേഖരിച്ചു കഷായത്തിൽ കലർത്തി ഷാരോണിനു നൽകുകയായിരുന്നു. ഷാരോൺ അവശനിലയിലായതോടെ ബന്ധുക്കൾക്കു സംശയം ഉണ്ടായി. ഷാരോൺ മരിച്ചത് വിഷം കലർന്ന കഷായം കുടിച്ചാണെന്ന വാർത്ത വന്നതോടെ ഗ്രീഷ്മയുടെ അമ്മയുടെ സഹോദരൻ കീടനാശിനികൾ പരിശോധിച്ചു.
ഒരു കീടനാശിനിക്കുപ്പിയിൽ കുറവ് കണ്ടെത്തിയതോടെ ഗ്രീഷ്മയുടെ അമ്മയെ വിവരം അറിയിച്ചു. ഇരുവരും ചോദ്യം ചെയ്തതോടെ ഗ്രീഷ്മ കുറ്റം സമ്മതിച്ചു. അമ്മയുടെ നിർദേശപ്രകാരം അമ്മാവൻ കുപ്പി കൊണ്ടുപോയി നശിപ്പിക്കുകയായിരുന്നു. കൊലപാതകത്തിന് കൂട്ടുനിന്നതോടെയാണ് ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും പൊലീസ് അറസ്റ്റ് ചെയ്തത്.
ചോദ്യം ചെയ്യലിനു മുൻപ് ആയുർവേദ ഡോക്ടറിൽനിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചിരുന്നു. താൻ കഷായം നൽകിയിട്ടില്ലെന്നായിരുന്നു ഡോക്ടറുടെ മൊഴി. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് തെളിവെടുപ്പ് നടത്തിയത്.