ആലപ്പുഴ: ആലപ്പുഴയിൽ നഗരസഭ ആരോഗ്യ വിഭാഗം വിവിധ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. മുട്ട പുഴുങ്ങിയത്, കക്കായിറച്ചി, കൊഞ്ച്, ചിക്കൻ, കരിമീൻ തുടങ്ങിയവയെല്ലാം പിടിച്ചെടുത്ത് നശിപ്പിച്ചവയിൽ ഉൾപ്പെടുന്നു.
സനാതനപുരം വാർഡിൽ അരമന ഹോട്ടലിൽ നിന്നും പഴകിയ മുട്ട പുഴുങ്ങിയത് 30 എണ്ണം, 2 കിലോഗ്രാം വീതം കക്കായിറച്ചി കറിവച്ചത്, കൊഞ്ച് വേവിച്ചത്, 4 കിലോഗ്രാം ന്യൂഡിൽസ്, വലിയ കുട്ടയിൽ ബിരിയാണി, ഒരു ബെയ്സൻ ചിക്കൻ ഫ്രൈ, അരിപ്പത്തിരി 75 എണ്ണം, അൽഫാം ചിക്കൻ 5 കിലോ, ഒരു കിലോഗ്രാം വീതം മുട്ട ഗ്രേവി, ചിക്കൻ 65, ഗോപി മഞ്ചൂരി, നെമ്മീൻ, 2 കിലോഗ്രാം കരിമീൻ, വരാൽ എന്നിവയും, കളർകോട് വാർഡിലെ അനീഷിന്റെ ഉടമസ്ഥതയിലുള്ള സാഫ്റോൺ ഹോട്ടലിൽ നിന്നും പഴകിയ അൽഫാം ചിക്കൻ 5 കിലോഗ്രാം, ചിക്കൻ കറി, ബീഫ് കറി, ചിക്കൻ ഫ്രൈ എന്നിവയും, കൈതവന വാർഡിലെ അൻസറിന്റെ ഉടമസ്ഥതയിലുള്ള ബ്രൈറ്റ് ഹോട്ടലിൽ നിന്നും ബിരിയാണി റൈസ്, അവിയൽ, മോരുകറി എന്നിവയും പിടിച്ചെടുത്ത് നശിപ്പിച്ചു.
ആലപ്പുഴ ചങ്ങനാശ്ശേരി ജംഗ്ഷനു വടക്കുവശം സനാതനപുരം വാർഡിൽ റോഡിന് കിഴക്കുവശമായി ചങ്ങനാശേരി ജഗ്ഷന് വടക്ക് വശമായി സ്ഥിതി ചെയ്യുന്ന അരമന ഹോട്ടലില്‍ നിന്നും മനുഷ്യ ഉപയോഗമല്ലാത്തതും, മനുഷ്യ ജീവനും ആരോഗ്യത്തിനും ഹാനികരമായ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു. ഹോട്ടലിന്റെ ടോയ്‌ലറ്റ് വൃത്തിഹീനമാണെന്നും ടോയ്‌ലറ്റ് പരിസരത്ത് ഭക്ഷണ പദാർത്ഥങ്ങൾ സൂക്ഷിച്ചിരിക്കുന്നതായും കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ കേരള മുനിസിപ്പൽ ആക്ട് 555 പ്രകാരം മഹസ്സർ തയ്യാറാക്കി അരമന ഹോട്ടൽ അടച്ചു പൂട്ടി സീൽ ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ ഹർഷിദിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ജെ എച്ച് ഐ മാരായ അനിക്കുട്ടൻ, സുമേഷ്, ശിവകുമാർ, സ്മിത എന്നിവർ പങ്കെടുത്തു.