ശ്രീനഗർ∙ ജമ്മുകശ്മീരിലെ അനന്ത്നാഗിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരരെ വധിച്ചു. ഇന്ന് ഉച്ചയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. സിആർപിഎഫ് എഎസ്ഐ ഉൾപ്പെടെ മൂന്ന് സിആർപിഎഫ് ഉദ്യോഗസ്ഥരെ വധിച്ച ലഷ്കറെ തയിബ അംഗമായ മുക്തിയാർ ബട്ടാണ് കൊല്ലപ്പെട്ടവരിൽ ഒരാൾ എന്നു തിരിച്ചറിഞ്ഞു. നിരവധി ഭീകരാക്രമണങ്ങളിൽ ഇയാൾ പങ്കാളിയാണെന്നും സുരക്ഷാ സേന അറിയിച്ചു.
ഭീകരർ ഒളിഞ്ഞിരിക്കുന്നുവെന്നു വിവരം ലഭിച്ചതിനെത്തുടർന്നാണ് പൊലീസ് തിരച്ചിൽ ആരംഭിച്ചത്. മറഞ്ഞിരുന്ന ഭീകരർ ആക്രമണം ആരംഭിക്കുകയായിരുന്നു. നിരവധി ആയുധങ്ങളും പിടിച്ചെടുത്തു.
ഇതിനിടെ ശ്രീനഗറിൽ വൻ ആയുധ ശേഖരവുമായി മൂന്നു ഭീകരരും പിടിയിലായി. ഒക്ടോബർ 31ന് കുപ്വാരയിൽ ഏറ്റുമുട്ടലിൽ ഭീകരനെ സുരക്ഷാ സൈന്യം വധിച്ചിരുന്നു. കരസേനയും ജമ്മുകശ്മീർ പൊലീസും ചേർന്ന് ഷോപ്പിയാനിൽ നടത്തിയ ഏറ്റുമുട്ടലിലും നാല് ഭീകരരെ കഴിഞ്ഞ മാസം വധിച്ചു.