തിരുവനന്തപുരം: ഗവർണ്ണർക്കെതിരായ ഇടത് പ്രതിഷേധ കൂട്ടായ്മയിൽ ഇന്ന് മുഖ്യമന്ത്രി പങ്കെടുക്കും.വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മയുടെ പേരിൽ വൈകിട്ട് മൂന്നിന് എകെജി ഹാളിലാണ് പരിപാടി. രാജ് ഭവൻ വളയുന്നതടക്കമുള്ള ശക്തമായ സമരങ്ങൾ എൽഡിഎഫ് നടത്തുന്നുണ്ട്. അതേ സമയം വിസിമാരെ പുറത്താക്കാനുള്ള നടപടികളുമായി ഗവർണ്ണർ മുന്നോട്ട് പോകുകയാണ്.കാരണം കാണിക്കാനുള്ള സമയം നാളെ അവസാനിക്കുമെന്ന് ഓര്‍മിപ്പിച്ച് ഗവർണ്ണർ വിസിമാർക്ക് വീണ്ടും കത്ത് നൽകി
ഇതിനിടെ ഗവർണ്ണറുടെ പുറത്താക്കൽ നടപടിയ്ക്കെതിരെ കേരള സർവകലാശാല സെനറ്റ് അംഗങ്ങൾ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഉച്ചയ്ക്ക് 1.45 ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹർജി പരിഗണിക്കുന്നത്. സെർച്ച് കമ്മിറ്റിയിലേക്ക് ഒരു അംഗത്തെ നോമിനേറ്റ് ചെയ്ത് തീർക്കേണ്ട വിഷയം സർവ്വകലാശാല അനാവശ്യ വിവാദത്തിലാക്കിയെന്നും വിസിയില്ലാതെ എങ്ങനെ സർവ്വകലാശാലയ്ക്ക് പ്രവർത്തിക്കാനാകുമെന്നും കോടതി ചോദിച്ചിരുന്നു. മറ്റന്നാൾ ചേരുന്ന സർവകലാശാല സെനറ്റ് യോഗത്തിൽ സെർച്ച് കമ്മിറ്റിയെ നോമിനേറ്റ് ചെയ്യാനുള്ള അജണ്ടയുണ്ടോയെന്ന് സർവ്വകലാശാല ഇന്ന് അറിയിക്കണം. ഗവര്‍ണര്‍ പുറത്താക്കിയ അംഗങ്ങൾക്ക് ഈ യോഗത്തിൽ പങ്കെടുക്കാനാകുമോ എന്ന് കോടതി ഇന്ന് തീരുമാനിക്കും.