ധർമ്മശാല: ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പിൽ പാര്‍ട്ടിക്ക് ശല്യമായ വിമതര്‍ക്കെതിരെ കര്‍ശന നടപടിയുമായി ബിജെപി നേതൃത്വം. വിമത ശബ്ദമുയര്‍ത്തിയ മുതിര്‍ന്ന നേതാവിനെ ബിജെപി പുറത്താക്കി. സംസ്ഥാന വൈസ് പ്രസിഡന്‍റ് രാം സിങ്ങിനെയാണ് ബിജെപി പുറത്താക്കിയത്. പാര്‍ട്ടി ടിക്കറ്റ് നിരസിച്ചതോടെ രാം സിംങ് കുളു മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി നാമനിര്‍ദ്ദേശ പത്രിക നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
കുളുവില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥിക്കെതിരെയാണ് രാം സിങ് പത്രിക സമര്‍പ്പിച്ചത്. പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ തെരഞ്ഞെടുപ്പിൽ വിജയിച്ച് ഭരണം നിലനിർത്താമെന്ന ബിജെപിയുടെ മോഹങ്ങൾക്ക് പുതിയ പ്രതിസന്ധിയായി മാറുകയാണ് വിമത ശല്യം. രാം സിംങ് അടക്കം ഒരാഴ്ചയ്ക്കിടെ ബിജെപിയില്‍ നിന്ന് ആറ് പേരാണ് വിമത ശബ്ദമുയര്‍ത്തയിതിനെ തടര്‍ന്ന് പുറത്തായത്. നാല് മുന്‍ എംഎല്‍എമാരും ഒരു എംപിയുമടക്കം അഞ്ച് വിമതരെ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു.
ആറ് വർഷത്തേക്കാണ് നേതാക്കളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. പക്ഷേ ഇവർ മത്സരിക്കുമെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നത് മണ്ഡലങ്ങളിൽ ബി ജെ പിക്ക് വലിയ വെല്ലുവിളി ഉയർത്തും. ഭരണ വിരുദ്ധ വികാരമുണ്ടെന്ന വിലയിരുത്തലില്‍ ബിജെപി സംസ്ഥാനത്ത് നേരത്തെ പ്രചാരണം തുടങ്ങിയിരുന്നു. വിമത സ്ഥാനാർത്ഥികളുടെ ശല്യം കൂടിയായതോടെ വലിയ പ്രതിസന്ധിയാണ് ഹിമാചലില്‍ ബിജെപി നേരിടുന്നത്. ഇതോടെയാണ് മുതിര്‍ന്ന നേതാക്കളെയടക്കം പുറത്താക്കിയുള്ള സംഘടനാ നടപടികളിലേക്ക് സംസ്ഥാന നേതൃത്വം കടന്നത്.
പത്തോളം മണ്ഡലങ്ങളില്‍ ബി ജെ പിക്ക് വിമതർ കാര്യമായി ഭീഷണി ഉയർത്തുന്നുണ്ട്. ഇതില്‍ മൂന്ന് മണ്ഡലങ്ങൾ മുഖ്യമന്ത്രി ജയറാം താക്കൂറിന്‍റെ ജില്ലയായ മണ്ടിയിലാണ്. മുന്‍മന്ത്രിയുടെ മകനടക്കം ടിക്കറ്റ് നിഷേധിക്കപ്പെട്ടതോടെ മണ്ടിയില്‍ ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ വലിയ എതിര്‍പ്പുണ്ടാകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കാംഗ്ര ജില്ലയില്‍ അഞ്ചും കുളുവില്‍ മൂന്നും സീറ്റുകളില്‍ ബി ജെ പിക്ക് വിമത ഭീഷണിയുണ്ട്. അതിനിടെ കുളു സദറില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന മുതിർന്ന നേതാവും മുന്‍ എം പിയുമായ മഹേശ്വർ സിംഗ് അവസാന നിമിഷം പത്രിക പിന്‍വലിച്ചത് ബി ജെ പിക്ക് ആശ്വാസമായി. പാർട്ടി അധ്യക്ഷന്‍ ജെ പി നദ്ദ നേരിട്ട് ചർച്ച നടത്തിയാണ് മഹേശ്വർ സിംഗിന്‍റെ പത്രിക പിന്‍വലിപ്പിച്ചത്.