തിരുനെൽവേലി: കോയന്പത്തൂർ കാർ സ്ഫോടനത്തിൽ മരിച്ച ജമേഷ മുബീന്റെ വീട്ടിൽനിന്നും കണ്ടെത്തിയ സ്ഫോടക വസ്തുക്കളുടെ അസംസ്കൃത പദാർത്ഥങ്ങളിൽ ചിലത് സാധാരണ നിലയിൽ സംഘടിപ്പിക്കാൻ കഴിയുന്നവയല്ലെന്ന് എൻഐഎ സ്ഥിരീകരിച്ചു. ഇ-കൊമേഴ്സ് വെബ്സൈറ്റുകളിൽ നിന്നാണ് അസംസ്കൃത വസ്തുക്കൾ വാങ്ങിയതെന്നാണ് പിടിയിലായവരുടെ മൊഴി. തമിഴ്നാട് പൊലീസ് ഇന്നലെ തിരുനെൽവേലിയിൽ ഐഎസ് ബന്ധം സംശയിക്കുന്ന നാലുപേരുടെ വീട്ടിൽ വിശദമായ പരിശോധന നടത്തി. കൂടുതൽ പേരെ കസ്റ്റഡിയിൽ എടുത്തതായും സൂചനയുണ്ട്
കോയമ്പത്തൂരിൽ കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിനു മുന്നിലായിരുന്നു സ്ഫോടനമുണ്ടായത്. കാർ പൂർണമായി കത്തി നശിച്ചിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചായിരുന്നു പൊലീസ് അന്വേഷണത്തിൽ മുന്നോട്ട് പോയത്. സ്ഫോടനം നടന്ന ടൗൺ ഹാളിനടുത്തുള്ള കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളും കൊല്ലപ്പെട്ട ജമേഷ മുബിന്റെ വീട്ടിന് സമീപത്തെ ദൃശ്യങ്ങളുമാണ് ശേഖരിച്ചത്. രാത്രി 11.45ന് സിസിടിവിയിൽ റെക്കോർഡഡ് ആയ ദൃശ്യങ്ങളാണ് മുബിന്റെ വീട്ടിന് സമീപത്ത് നിന്ന് കിട്ടിയത്.
തമിഴ്നാട് കോയമ്പത്തൂരിലെ കാർ സ്ഫോടനക്കേസിൽ അറസ്റ്റിലായ അഞ്ച് പേരിൽ ചിലർ കേരളം സന്ദർശിച്ചിരുന്നതായും കോയമ്പത്തൂർ പൊലീസ് വെളിപ്പെടുത്തിയിരുന്നു. കേരളത്തിൽ വന്ന പ്രതികൾ ജയിലുകളിൽ തീവ്രവാദ കേസിൽ തടവിൽ കഴിയുന്നവരെ സന്ദർശിച്ചിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. അറസ്റ്റിലായ മൂന്ന് പ്രതികൾ ചേർന്നാണ് കാറിലേക്ക് സ്ഫോടക വസ്തുക്കൾ കയറ്റിയത്. സ്ഫോടനത്തിന് ഉപയോഗിച്ച കാറ് പത്ത് തവണ കൈമാറി വന്നതാണ്. സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷ മുബീന് കാറ് നൽകിയത് അറസ്റ്റിൽ ആയ ദൽഹയാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ശ്രീലങ്കയിലെ ഈസ്റ്റർ ദിന സ്ഫോടനങ്ങളുടെ സൂത്രധാരൻ സഫ്റൻ ഹാഷിമിനെ ജമേഷ മുബീൻ മാതൃകാപുരുഷനായാണ് കണ്ടിരുന്നത്. ഇയാളുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നതായി നിലവിൽ സൂചനകളില്ല. എന്നാൽ സഫ്റൻ ഹാഷിമുമായി ബന്ധമുള്ളവരുമായി ബന്ധം പുലർത്താൻ ജമേഷ മുബീൻ ശ്രമിച്ചിരുന്നു.
ബോംബാക്രമണം സംബന്ധിച്ച പരിശീലനമൊന്നും ഇയാൾക്ക് കിട്ടിയിരുന്നില്ല എന്നാണ് നിഗമനം. ഇന്‍റർനെറ്റിൽ നിന്നും പുസ്തകങ്ങളിൽ നിന്നും തേടിപ്പിടിച്ച വിവരങ്ങളുടെ ആത്മവിശ്വാസത്തിൽ സ്ഫോടനത്തിന് പദ്ധതിയിടുകയായിരുന്നു. പുലർച്ചെ ഒരു മണിക്ക് സ്ഫോടക വസ്തുക്കൾ നിറച്ച കാറുമായി വീട്ടിൽ നിന്ന് പുറപ്പെട്ടു. സംഗമേശ്വര ക്ഷേത്രത്തിനടുത്തുള്ള പൊലീസ് ചെക്പോസ്റ്റ് ഇയാളുടെ ശ്രദ്ധയിൽപെട്ടിരുന്നു. ഇവിടുന്ന് ധൃതിയിൽ മടങ്ങുന്നതിടെയാണ് സ്ഫോടനം. ഈ ക്ഷേത്രം തന്നെയാണോ ലക്ഷ്യമിട്ടത് എന്ന് വ്യക്തമല്ല. ഇതടക്കം മൂന്ന് ക്ഷേത്രങ്ങളിൽ ആക്രമണം നടത്താനുള്ള സാധ്യത സംഘം തേടിയിരുന്നതായി അടുത്ത കൂട്ടാളികളായ അഫ്സർ ഖാനും മുഹമ്മദ് അസ്ഹറുദ്ദീനും മൊഴി നൽകിയിട്ടുണ്ട്.