തിരുവനന്തപുരം: സംസ്ഥാനത്തെ അരി വില വർധന നിയന്ത്രിക്കാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് അരിയെത്തിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ഇടപെടൽ ഫലം കാണുന്നു. ഈ മാസം തന്നെ ആന്ധ്രയിൽ നിന്നുള്ല അരി കേരളത്തിലെത്തുമെന്ന് ഭക്ഷ്യ – സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ വ്യക്തമാക്കി.
കേരളത്തിന് ആവശ്യമായ അരിയുടെ 18 ശതമാനം മാത്രമാണ് ഇവിടെ ഉൽപാദിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇവിടേക്ക് മറ്റ് സംസ്ഥാനങ്ങളിൽ നിന്നാണ് ബാക്കി അരി എത്തിക്കുന്നത്. അപ്പോൾ മറ്റ് സംസ്ഥാനങ്ങളിലുണ്ടാകുന്ന വിലക്കയറ്റം നമ്മുടെ നാട്ടിലും പ്രതിഫലിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
ഇത്തരത്തിൽ വിലക്കയറ്റം സംസ്ഥാനത്തെ സാധാരണ ജനങ്ങളെ ബാധിക്കാതിരിക്കാൻ ഇടതുപക്ഷ സർക്കാർ വിപണിയിൽ ഇടപെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിലക്കയറ്റം നിയന്ത്രിക്കാൻ സപ്ലൈകോയുടെ അരി വണ്ടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ അരിവണ്ടിയിൽ നിന്ന് 25 രൂപ നിരക്കിൽ ജയ, കുറുവ അരി ലഭിക്കും. മട്ടയരിക്ക് കിലോയ്ക്ക് 24 രൂപയും പച്ചരി കിലോയ്ക്ക് 23 രൂപയുമായിരിക്കും.
ഒരു റേഷൻ കാർഡിന് പരമാവധി പത്ത് കിലോ അരി ഈ അരിവണ്ടിയിൽ നിന്ന് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സപ്ലൈകോയുടെ ഔട്ട്‌ലെറ്റ് ഇല്ലാത്ത സംസ്ഥാനത്തെ 500 ഓളം വരുന്ന താലൂക്ക് / പഞ്ചായത്ത് കേന്ദ്രങ്ങളിൽ അരി വണ്ടി എത്തും. അരി വില നിയന്ത്രിക്കാനായി വിപണി ഇടപെടൽ പെട്ടെന്ന് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.