കൊല്‍ക്കത്ത: മോർബി പാലം തകർച്ചയിൽ ഉത്തരവാദികള്‍ ഉണ്ടെങ്കിലും അതിന്‍റെ പേരില്‍ രാഷ്ട്രീയം കളിക്കാനില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ദുരന്തം നടന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനമായതിനാൽ അദ്ദേഹത്തെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നും ബംഗാൾ മുഖ്യമന്ത്രി പറഞ്ഞു.
“അപകടം സംഭവിച്ചത് പ്രധാനമന്ത്രിയുടെ സംസ്ഥാനമായതിനാൽ ഞാൻ അദ്ദേഹത്തെക്കുറിച്ച് ഒന്നും പറയുന്നില്ല” കൊൽക്കത്ത വിമാനത്താവളത്തിൽ നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്ന മമത ബാനർജി പറഞ്ഞു.
ഞായറാഴ്ച ഗുജറാത്തിലെ മോർബി ജില്ലയിൽ തൂക്കുപാലം തകർന്ന് 130 പേർ മരിച്ചിരുന്നു. തനിക്ക് മോർബിയിലേക്ക് പോകണമെന്ന് ആഗ്രഹമുണ്ടെന്നും എന്നാൽ രാഷ്ട്രീയം കളിക്കുന്നുവെന്ന് ബിജെപി ആരോപിക്കുന്നതിനാല്‍ അത് ചെയ്യുന്നില്ലെന്ന് മമത പറഞ്ഞു.
“ബംഗാളിൽ നിരവധി പാലങ്ങളുണ്ട്, ഞങ്ങൾക്ക് ഇവിടെ പാലം തകർച്ച ഉണ്ടായിട്ടുണ്ട്, എന്നാൽ ഞങ്ങൾ അവസരത്തിനൊത്ത് ഞങ്ങള്‍ ആ സന്ദര്‍ഭത്തില്‍ സഹായം നൽകി, തിരഞ്ഞെടുപ്പിന്‍റെ തിരക്കിലായതിനാൽ ഇരകൾ സഹായിക്കാൻ കഴിയാത്ത ഗുജറാത്ത് സർക്കാരിൽ നിന്ന് വ്യത്യസ്തമായി”- മമത പറഞ്ഞു.
” മോർബി അപകടത്തില്‍ സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണം. പ്രധാനമന്ത്രിയുടെ സംസ്ഥാനമായതിനാൽ അപകടത്തിന്‍റെ ഉത്തരവാദിത്വത്തില്‍ പ്രധാനമന്ത്രിയെക്കുറിച്ച് ഞാൻ ഒന്നും പറയുന്നില്ല” പശ്ചിമ ബംഗാൾ മുഖ്യമന്ത്രി പറഞ്ഞു.
“ജനങ്ങളുടെ ജീവനാണ് പ്രധാനം…എന്റെ അനുശോചനം. എത്ര മൃതദേഹങ്ങൾ കണ്ടെടുത്തുവെന്ന് എനിക്കറിയില്ല. നമ്മൾ ഇതിനെ മാനുഷികമായ ഭൂമികയിൽ നിന്ന് നോക്കണം, എന്നാൽ അത്തരം പാലങ്ങൾ ആരു നിർമ്മിച്ചാലും അത് കുറ്റമാണ്,” മമത ബാനർജി പറഞ്ഞു..
“എനിക്ക് വളരെ സങ്കടമുണ്ട്, എനിക്ക് മോർബിയിൽ പോകണം, പക്ഷേ ഞാൻ പോയാൽ, ഞാൻ രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി ആരോപിക്കും, എന്നാല്‍ എനിക്ക് അവസരം ലഭിച്ചാൽ ഞാൻ പോകും,” മമത കൂട്ടിച്ചേർത്തു.
ഗുജറാത്തിലെ മോർബി ജില്ലയിൽ കേബിൾ പാലം തകർന്നതിനെ തുടർന്ന് ഈ മാസം അവസാനത്തോടെ സംസ്ഥാനത്തെ എല്ലാ പാലങ്ങളുടെയും സ്ഥിതി പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ മമത ബാനർജി നിർദ്ദേശം നൽകി. “ഞങ്ങൾക്ക് 1,500 പാലങ്ങളുണ്ട്, ഈ പാലങ്ങൾ ശരിയായി ഓഡിറ്റ് ചെയ്യണം, അത് ഉത്തരവാദിത്തമാണ്. പക്ഷേ ഞാൻ അത് വച്ച് രാഷ്ട്രീയം കളിക്കില്ല” മമത കൂട്ടിച്ചേര്‍ത്തു.