നാദാപുരം: പൊതുമരാമത്ത് പ്രവൃത്തി സമയബന്ധിതമായി പൂർത്തീകരിക്കുന്നതിൽ വീഴ്ചവരുത്തിയതിനെ തുടർന്ന് കല്ലാച്ചി-വളയം റോഡ് കരാറുകാരനെ പി.ഡബ്ല്യു.ഡി ടെർമിനേറ്റ് ചെയ്യാൻ ശിപാർശ ചെയ്തു. മൂന്നരക്കോടി രൂപ ചെലവിലാണ് വളയം-കല്ലാച്ചി റോഡ് നവീകരണം കാസർകോട് സ്വദേശിയായ മുഹമ്മദ് കുഞ്ഞി കരാറേറ്റെടുത്തത്. കരാറുകാരന്റെ അനാസ്ഥമൂലം പ്രവൃത്തി നീണ്ടുപോവുകയായിരുന്നു.
എക്സിക്യൂട്ടിവ് എൻജിനീയർ ബുധനാഴ്ച നാദാപുരത്ത് സന്ദർശനം നടത്തി റോഡ് നിർമാണ പ്രവൃത്തിയുടെ അവസ്ഥ നേരിട്ട് മനസ്സിലാക്കിയിരുന്നു. തികഞ്ഞ അനാസ്ഥ കാണിച്ച കരാറുകാരനെ മാറ്റണമെന്നാവശ്യപ്പെട്ട് സംസ്ഥാന ചീഫ് എൻജിനീയർക്ക് കത്ത് നൽകിയതായി എക്സിക്യൂട്ടീവ് എൻജിനീയർ വി.കെ. ഹാഷിം പറഞ്ഞു. ചെക്യാട്-പാറക്കടവ് റോഡിന്റെയും കക്കട്ടിലെ ഇന്റർലോക്ക് പാകുന്നത് ഉൾപ്പെടെയുള്ള പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നതും ഈ കരാറുകാരൻതന്നെയാണ്.