ധര്‍മ്മശാല: വോട്ടെടുപ്പിന് എട്ട് ദിവസം മാത്രം ശേഷിക്കെ ഹിമാചൽ പ്രദേശിൽ കാടിളക്കിയുള്ള പ്രചാരണത്തിന് ഒരുങ്ങി ബിജെപിയും കോൺഗ്രസും. പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ നിരവധി നേതാക്കളാണ് സംസ്ഥാനത്തേക്ക് എത്തുന്നത്. അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് റാലികളിൽ പങ്കെടുക്കും. വിമത ഭീഷണി കടുത്തതോടെ അമിത് ഷാ സംസ്ഥാനത്ത് നേരത്തെ നിശ്ചയിച്ചതിനേക്കാൾ കൂടുതൽ റാലികളിൽ പങ്കെടുത്തേക്കും.
സോലനിൽ അരവിന്ദ് കെജ്‍രിവാളിന്‍റെ റാലിയും ഇന്ന് നടക്കും. ഹിമാചലില്‍ വന്‍ വിജയം നേടി അധികാരം നിലനിർത്താമെന്നുള്ള ബിജെപിയുടെ മോഹങ്ങള്‍ക്ക് മേലാണ് വിമത ശല്യം കരിനിഴല്‍ വീഴ്ത്തിയിട്ടുള്ളത്. മുൻ എംഎൽഎമാരടക്കം ബിജെപി സ്ഥാനാർത്ഥികൾക്ക് ഭീഷണിയുയർത്തി സ്വതന്ത്ര സ്ഥാനാർത്ഥികളായി മത്സരരംഗത്തെത്തിയതോടെയാണ് ബിജെപി നേതൃത്വം ഞെട്ടിയത്. കടുത്ത നടപടികള്‍ സ്വീകരിച്ച് കൊണ്ടാണ് നേതൃത്വം ഇതിനോട് പ്രതികരിച്ചത്.
ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പിൽ പാർട്ടി നിർദേശം അവഗണിച്ച് സ്വതന്ത്രരായി മത്സരിക്കുന്നവരെ പാര്‍ട്ടി പുറത്താക്കി. ഇതില്‍ പാര്‍ട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്‍റ് രാം സിംഗും ഉള്‍പ്പെടുന്നുവെന്നുള്ളതാണ് പാര്‍ട്ടിയെ അമ്പരിപ്പിച്ച കാര്യം. പാര്‍ട്ടി ടിക്കറ്റ് നിരസിച്ചതോടെ രാം സിംഗ് കുളു മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി നാമനിര്‍ദ്ദേശ പത്രിക നല്‍കിയിരുന്നു. കുളുവില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥിക്കെതിരെയാണ് രാം സിംഗ് പത്രിക സമര്‍പ്പിച്ചത്.
ആറ് വര്‍ഷത്തേക്കാണ് ഇവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടുള്ളത്. പക്ഷേ ഇവർ മത്സരിക്കുമെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നത് മണ്ഡലങ്ങളിൽ ബിജെപിക്ക് വലിയ വെല്ലുവിളി ഉയർത്തിയേക്കും. ഈ പ്രതിസന്ധികള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള പരിശ്രമത്തിലാണ് ബിജെപി നേതൃത്വം.
പ്രധാന നരേന്ദ്ര മോദി എത്തുന്നതോടെ കാര്യങ്ങള്‍ പാര്‍ട്ടിയുടെ വഴിയേ എത്തിക്കാമെന്ന് സംസ്ഥാന നേതൃത്വം കണക്കുക്കൂട്ടുന്നുണ്ട്. ഇതിനൊപ്പമാണ് അമിത് ഷാ കൂടുതല്‍ റാലികളില്‍ പങ്കെടുക്കുമെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വന്നത്. വിമത ശല്യത്തില്‍ പാര്‍ട്ടി ഒന്ന് ഞെട്ടിയിട്ടുണ്ടെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. വിമത ശല്യം വിജയത്തെ ബാധിക്കാതിരിക്കുന്നതിനുള്ള മുന്‍കരുതലുകളാണ് പാര്‍ട്ടി ഇപ്പോള്‍ സ്വീകരിക്കുന്നത്.