തിരുവനന്തപുരം: മാധ്യമപ്രവർത്തകരിൽ കേഡർമാർ ഉണ്ടെന്ന് ആവർത്തിച്ച് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാരിനെ വിമർശിക്കുന്നവരെ താഴ്ത്തിക്കെട്ടാൻ ചില മാധ്യമങ്ങൾ ശ്രമിക്കുന്നുവെന്നും ഗവർണർ ആരോപിച്ചു. ഇതിന് മുമ്പും മാധ്യമങ്ങൾക്കെതിരെയുള്ള നിലപാടുമായി ഗവർണർ രംഗത്തെത്തിയിട്ടുണ്ട്. കൈരളി, ജയ്‍ഹിന്ദ്, റിപ്പോര്‍ട്ടര്‍, മീഡിയ വണ്‍ എന്നീ മാധ്യമങ്ങളെ ഗവർണറുടെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഒഴിവാക്കിയ സംഭവമുണ്ടായി. അനുമതി ചോദിച്ചിട്ടും രാജ്ഭവന്‍ പ്രവേശനം നിഷേധിക്കുകയായിരുന്നു.
ചില മാധ്യമങ്ങൾ തെറ്റായ രീതിയിൽ കൊടുത്ത വാർത്ത ആവശ്യപ്പെട്ടിട്ടും തിരുത്താൻ തയ്യാറായില്ലെന്നും അതാണ് അവരെ ഒഴിവാക്കാൻ കാരണമെന്നുമാണ് ഈ വിഷയത്തിൽ ഗവർണർ നൽകിയ വിശദീകരണം. രാജ് ഭവനുമായി ബന്ധപ്പെട്ട് തെറ്റായ രീതിയിൽ ചില മാധ്യമങ്ങൾ വാർത്ത നൽകുകയുണ്ടായി. രാജ്ഭവൻ പിആർഒ ആവശ്യപെട്ടിട്ടും തിരുത്താൻ അവർ തയ്യാറായില്ല. അതുകൊണ്ടാണ് അത്തരം മാധ്യമങ്ങളെ വാർത്താ സമ്മേളനത്തിൽ പങ്കെടുപ്പിക്കേണ്ടെന്ന് തീരുമാനിച്ചത്. പാർട്ടി കേഡറുകളെ താൻ വാർത്താ സമ്മേളനത്തിൽ പങ്കെടുപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ഗവർണർ അന്ന് പറഞ്ഞു. ചില വിഷയങ്ങളിൽ വിശദീകരണം നൽകാനാണ് വാർത്താ സമ്മേളനം വിളിച്ചത്. എന്നാൽ താൻ പറയുന്നതിനെ ചില മാധ്യമങ്ങൾ വളച്ചൊടിക്കുന്നുണ്ടെന്നും അത്തരക്കാരെ ഒഴിവാക്കുകയായിരുന്നുവെന്നുമാണ് ഗവർണർ നൽകിയ വിശദീകരണം.
വാർത്താ സമ്മേളനത്തിനിടെ മാധ്യമപ്രവർത്തകരോട് ഗവർണർ കയർത്ത് സംസാരിക്കുകയും ചെയ്തിരുന്നു. പാർട്ടി കേഡർ ആളുകൾ ജേണലിസ്റ്റ് ആണെന്ന രീതിയിൽ വന്നിരിക്കുന്നു. സംസാരിക്കാൻ ആവശ്യമുള്ളവർക്ക് രാജ് ഭവനിലേക്ക് വരാം. നിങ്ങളിൽ എത്ര പേര് യഥാർത്ഥ മാധ്യമ പ്രവർത്തകരാണ് ?ചിലർ മാധ്യമ പ്രവർത്തകർ ആയി നടിക്കുന്നു. അത്തരം ആളുകളോട് സംസാരിച്ചു സമയം കളയാൻ ഇല്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. പിന്നീട് മാധ്യമങ്ങളെന്ന് വ്യാജേന പാർട്ടി കേഡറുകളെത്തുന്നു എന്ന ഗവർണറുടെ പരാമർശം വിവാദമായതിനെ തുടർന്ന് പ്രത്യേക വാർത്താ സമ്മേളനം വിളിച്ചാണ് ഗവർണർ വിശദീകരണം നൽകിയത്. മാധ്യമങ്ങളോട് ബഹുമാനം മാത്രമാണെന്നും എന്നും അത്തരം നിലപാടാണ് താൻ സ്വീകരിച്ചിട്ടുള്ളതെന്നും ഗവർണർ വിശദീകരിച്ചു.