അബുദാബി: വാട്സ്ആപിലൂടെ സഹപ്രവര്‍ത്തകനെ തെറിവിളിച്ച യുവതി നഷ്ടപരിഹാരമായി 23,000 ദിര്‍ഹം (അഞ്ച് ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) നല്‍കണമെന്ന് വിധി. അബുദാബി കോടതിയാണ് കേസില്‍ വിധി പുറപ്പെടുവിച്ചത്. യുവതിയുടെ മോശമായ സന്ദേശങ്ങള്‍ കാരണം തനിക്കുണ്ടായ മാനസിക ബുദ്ധിമുട്ടിനും മാനനഷ്ടത്തിനും പകരമായി ആറ് ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം തേടിയാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്.
യുവതിയില്‍ നിന്ന് വാട്സ്ആപിലൂടെ ലഭിച്ച അപമാനകരമായ സന്ദേശങ്ങള്‍ കാരണം താന്‍ മാനസികമായി തകര്‍ന്നുവെന്ന് പരാതിക്കാരന്‍ ആരോപിച്ചു. തന്റെ സഹപ്രവര്‍ത്തകര്‍ക്കിടയിലും തനിക്ക് അറിയാവുന്നവര്‍ക്കിടയിലും ഈ സന്ദേശങ്ങള്‍ കാരണം തന്റെ പ്രതിച്ഛായ മോശമായെന്നും പരാതിയില്‍ പറയുന്നു. ഇതിന് പകരമായാണ് അദ്ദേഹം നഷ്ടപരിഹാരം തേടി അബുദാബി ഫാമിലി ആന്റ് സിവില്‍ അഡ്‍മിനിസ്‍ട്രേറ്റീവ് ക്ലെയിംസ് കോടതിയെ സമീപിച്ചത്.
ഇതേ കേസില്‍ നേരത്തെ അബുദാബി ക്രിമിനല്‍ കോടതി യുവതിക്ക് 5000 ദിര്‍ഹം പിഴ ചുമത്തിയിരുന്നു. യുവതി ഹാജരാവാത്തതിനാല്‍ ഇവരുടെ അസാന്നിദ്ധ്യത്തിലായിരുന്നു ഈ വിധി. ഇതിന് ശേഷമാണ് നഷ്ടപരിഹാരം തേടി പരാതിക്കാരന്‍ സിവില്‍ കോടതിയെ സമീപിച്ചത്. ഇരുഭാഗത്തെയും വാദങ്ങള്‍ പരിഗണിച്ച ശേഷം യുവതി 23,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു. ഇതിന് പുറമെ പരാതിക്കാരന് നിയമ നടപടികള്‍ക്ക് ചെലവായ തുകയും ഇവര്‍ വഹിക്കണമെന്ന് ഉത്തരവിലുണ്ട്.