തിരുവനന്തപുരം∙ ഉദ്യോഗസ്ഥരും മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫും സർക്കാർ വാഹനങ്ങള്‍ വീട്ടുസാധനങ്ങൾ വാങ്ങാൻ ഉൾപ്പെടെ ദുരുപയോഗിക്കുന്നത് ഉത്തരവുകൾ പരസ്യമായി ലംഘിച്ച്. സർക്കാർ വാഹനം ദുരുപയോഗം ചെയ്തതായി കണ്ടെത്തിയാൽ, വാഹനത്തിന്റെ നിയന്ത്രണ അധികാരിയിൽനിന്ന് ആ വർഷം ഏറ്റവും കൂടുതൽ ഇന്ധനം ഉപയോഗിച്ച മാസത്തിലെ ഇന്ധനത്തിന്റെ വിലയുടെ 50% പിഴയായി ഈടാക്കണമെന്നും അച്ചടക്ക നടപടി സ്വീകരിക്കണമെന്നുമാണ് ധനവകുപ്പിന്റെ ഉത്തരവ്.
സർക്കാർ വാഹനങ്ങൾ ഉദ്യോഗസ്ഥരെ താമസസ്ഥലത്തുനിന്ന് ഓഫിസിലെത്തിക്കാനോ തിരിച്ച് വീട്ടിലെത്തിക്കാനോ ഉപയോഗിക്കരുതെന്നു ധനകാര്യ പരിശോധനാ വിഭാഗം 2008ൽ ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. പ്രിൻസിപ്പൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ, വകുപ്പ് മേധാവികൾ, മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാർ എന്നിവർക്ക് ഇതു ബാധകമല്ല. സർക്കാർ വാഹനങ്ങൾ ഓഫിസുകളിൽനിന്നുള്ള ഔദ്യോഗിക യാത്രകൾക്കായി പരിമിതപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്. വാഹനങ്ങൾ യാത്രയ്ക്ക് ശേഷം കൃത്യമായി സെക്രട്ടേറിയറ്റ് വളപ്പിൽ എത്തിക്കാറുണ്ടെങ്കിലും പുലർച്ചെയും മറ്റും ഔദ്യോഗിക ആവശ്യങ്ങൾക്കെന്ന പേരിൽ ഡ്രൈവർമാർ നേരത്തെ അവ എടുക്കുക പതിവാണ്. ഇത്തരത്തിൽ പുലർച്ചെ വാഹനം കൊണ്ടു പോയ ഡ്രൈവറാണ് മ്യൂസിയത്തിലെ നാണംകെട്ട സംഭവത്തിന് ഇടയാക്കിയത്.
സർക്കാർ വാഹനങ്ങൾ ഷോപ്പിങ്, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റേഷന്‍, സിനിമ, മാർക്കറ്റ്, ആരാധനാലയങ്ങൾ, വിവാഹം, കുട്ടികളെ വിദ്യാലയങ്ങളിൽ എത്തിക്കുക തുടങ്ങിയ സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്നും ഉത്തരവിൽ പറയുന്നു. പ്രിൻസിപ്പൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ, വകുപ്പ് തലവൻമാർ, മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാർ എന്നിവർക്ക് തുക അടച്ച് സ്വകാര്യ ആവശ്യങ്ങൾക്ക് വാഹനം ഉപയോഗിക്കാമെന്ന ആനുകൂല്യമുണ്ട്. പക്ഷേ യാത്ര തുടങ്ങുന്നതിനു മുൻപ് ലോഗ് ബുക്കിൽ വിവരം രേഖപ്പെടുത്തണം. യാത്ര അവസാനിച്ചാൽ യാത്ര ചെയ്ത ദൂരവും ഉദ്യോഗസ്ഥന്റെ ഒപ്പും ലോഗ് ബുക്കിൽ രേഖപ്പെടുത്തണം. ലോഗ് ബുക്ക് വാഹനത്തിൽ തന്നെ സൂക്ഷിക്കണം. പരിശോധനയ്ക്കായി ആവശ്യപ്പെടുമ്പോൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് ലോഗ് ബുക്ക് കൈമാറണം.
ഇന്ധനത്തെയും അറ്റകുറ്റപ്പണികളെയും കുറിച്ചുള്ള വിവരങ്ങൾ ലോഗ് ബുക്കിൽ രേഖപ്പെടുത്തണം. ഇന്ധന ക്ഷമതാ ടെസ്റ്റ് എല്ലാ വർഷവും നടത്തണം. സർക്കാർ വാഹനങ്ങളിൽ മുന്നിലും പിന്നിലും നിർദിഷ്ട നിറത്തിലുള്ള ബോർഡ് പതിപ്പിക്കണം. ബോർഡ് ഇല്ലാതെയോ മറച്ചുവച്ചോ വാഹനം ഉപയോഗിക്കാൻ പാടില്ല. ധനകാര്യ പരിശോധനാ വിഭാഗം ആവശ്യപ്പെടുമ്പോൾ വാഹനം പരിശോധനയ്ക്കു വിധേയമാക്കണം. പരിശോധനയ്ക്കു നൽകാതെ വാഹനം ഓടിച്ചു പോകുന്നത് ചട്ടങ്ങളുടെ ലംഘനമാണ്. ഔദ്യോഗിക വാഹനത്തിന്റെ നിയന്ത്രണാധികാരി അല്ലാത്തവർ വാഹനം ഉപയോഗിക്കുമ്പോൾ നിയന്ത്രണാധികാരിയുടെ അനുമതി പത്രം ലോഗ് ബുക്കിൽ സൂക്ഷിക്കണമെന്നും ഉത്തരവിൽ പറയുന്നു.