ഇസ്‌ലാമാബാദ്∙ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ റാലിക്കു നേരെ വെടിവയ്പ്. വലതുകാലിനു പരുക്കേറ്റ ഇമ്രാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമിയെ അറസ്റ്റ് ചെയ്തു. കാലിൽ ബാൻഡേജ് കെട്ടിയ ഇമ്രാനെ എസ്‌യുവിയിലേക്കു മാറ്റുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
ഇടക്കാല തിരഞ്ഞെടുപ്പ് ആവശ്യപ്പെട്ടുള്ള ‘റിയൽ ഫ്രീഡം’ ലോങ് മാർച്ചിനിടെ പാക്കിസ്ഥാനിലെ ഗുജ്‌ജറൻവാലയിലായിരുന്നു വെടിവയ്പ് ഉണ്ടായതെന്നു പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റാലിയുടെ ഭാഗമായി കണ്ടെയ്‍നറിൽ ഇമ്രാൻ സഞ്ചരിക്കവേയായിരുന്നു വെടിവയ്പ്. അപകടത്തിനുശേഷം ഇമ്രാനെ ബുള്ളറ്റ്പ്രൂഫ് വാഹനത്തിലേക്കു മാറ്റി.
അനുയായികൾ ഉൾപ്പെടെ പിടിഐ പാർട്ടിയിലെ മറ്റു നേതാക്കൾക്കും പരുക്കേറ്റു. 2007ൽ റാലിക്കിടെ വെടിയേറ്റു മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോ കൊല്ലപ്പെട്ട സംഭവം ഓർമിപ്പിക്കുന്നതാണ് ഇമ്രാനു നേരെയുണ്ടായ ആക്രമണമെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെടിവയ്പിൽ ഇമ്രാനും നേതാക്കൾക്കും പരുക്കേറ്റതിന്റെ ഞെട്ടലിലാണു പാർട്ടി പ്രവർത്തകർ. പ്രദേശത്തു സംഘർഷാവസ്ഥയുണ്ട്.