ഭോപ്പാൽ: മധ്യപ്രദേശിന്റെ തലസ്ഥാന നഗരത്തിലെ രണ്ട് സ്ഥലങ്ങളുടെ പേരുകൾ മാറ്റാൻ തീരുമാനം. പഴയ പേരുകൾ അശുദ്ധമാണെന്ന വിലയിരുത്തലിലാണ് തീരുമാനമെന്ന് റിപ്പോർട്ടുകളുണ്ട്. ഭോപ്പാൽ എംപിയും ബിജെപി നേതാവുമായ സാധ്വി പ്രഗ്യാ സിങ് താക്കൂറിന്റെ ആവശ്യത്തെ തുടർന്നാണ് തീരുമാനമെന്നാണ് റിപ്പോർട്ട്.
ഭോപ്പാൽ മുൻസിപ്പൽ കോർപ്പറേഷന്റെ തീരുമാനമനുസരിച്ച്, ഹലാൽപൂർ ബസ് സ്റ്റാൻഡിന്റെ പേര് ഹനുമാൻ ഗർഹി ബസ് സ്റ്റാൻഡ് എന്നും ലാൽ ഘാട്ടിയ മഹേന്ദ്ര നാരായൺ ദാസ് ജി മഹാരാജ് സർവേശ്വര ചൗര എന്നും പുനർനാമകരണം ചെയ്യും.
വെള്ളിയാഴ്ച ചേർന്ന കൗൺസിൽ യോഗത്തിലാണ് പേരുകൾ മാറ്റാനുള്ള നിർദേശം പാസാക്കിയത്. ഹലാൽപൂരിലെ ‘ഹലാൽ’ എന്ന വാക്ക് അശുദ്ധമാണ്. അടിമത്തത്തിന്റെ ചിഹ്നം നീക്കം ചെയ്യുന്നതിലൂടെ, ഇന്ത്യയുടെ ചരിത്രത്തെ മാറ്റിമറിക്കാൻ നാം ശക്തരാകും. ഭോപ്പാലിന്റെ ചരിത്രം പുനർനിർമിക്കാനും നമ്മൾ തയ്യാറാണ്. സാധ്വി പ്രഗ്യാ സിങ് പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.
‘ലാൽഘട്ടി’ കവലയിൽ നിരവധി കൊലപാതകങ്ങൾ നടന്നിട്ടുണ്ട്. ധീരരായ നിരവധി വീരന്മാർ രക്തസാക്ഷികളായി. അതുകൊണ്ട് രക്തം പുരണ്ട ഭൂതകാലം മറന്ന് നാം ആദരാഞ്ജലികൾ അർപ്പിക്കണം. സ്ഥലപ്പേര് മാറ്റിയതിനെക്കുറിച്ച് അവർ കൂട്ടിച്ചേർത്തു. എം പിയുടെ നിർദേശത്തെ പിന്തുണച്ച് നഗരസഭാധ്യക്ഷൻ കിഷൻ സൂര്യവംശിയാണ് രണ്ട് പ്രമേയങ്ങളും പാസാക്കിയത്.