കോഴിക്കോട് കൊയിലാണ്ടിക്ക് അടുത്ത് റെയില്‍ പാളത്തിലെ അപ്രതീക്ഷിത കുഴിക്ക് കാരണക്കാരന്‍ മുള്ളന്‍ പന്നി. പാളത്തിലെ ചെറിയ കരിങ്കൽ കഷ്ണങ്ങൾ മുള്ളൻപന്നി തുരന്ന് നീക്കിയതാണ് കുഴിക്ക് കാരണമായെന്നാണ് വിലയിരുത്തല്‍. നാട്ടുകാരാണ് കൊയിലാണ്ടി ചെങ്ങോട്ട് കാവ് മേൽപ്പാലത്തിനടിയിലാണ് പാളത്തിന് ഇടയിൽ കുഴി കണ്ടെത്തിയത്. വിവരം റെയിൽവെ സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് ട്രെയിൻ ഗതാഗതം താത്കാലികമായി നിർത്തിവച്ചിരുന്നു.
തീവണ്ടികൾ ഒരു മണിക്കൂറോളമാണ് പിടിച്ചിട്ടത്. ഈ സമയത്ത് ഇതിലെ കടന്നുപോകേണ്ട മാവേലി എക്സ്പ്രസ്സും ചെന്നൈ മെയിലുമാണ് ഒരു മണിക്കുറോളം കൊയിലാണ്ടിയിൽ പിടിച്ചിട്ടത്. പിന്നീട് റെയിൽവെ ജീവനക്കാരെത്തി കുഴി മൂടിയ ശേഷമാണ് ട്രെയിൻ ഗതാഗതം പുനരാരംഭിച്ചത്. കുഴി കണ്ടെത്തിയതിന് പിന്നാലെ ഷൊറണൂർ ഭാഗത്തേക്കുള്ള ട്രെയിനുകൾ വൈകിയിരുന്നു.
ഫെബ്രുവരിയില്‍ എറണാകുളം പൊന്നുരുന്നിയില്‍ റെയില്‍ പാളത്തില്‍ മുപ്പത് കിലോഭാരമുള്ള കോണ്‍ക്രീറ്റ് കല്ല് കണ്ടെത്തിയിരുന്നു. കൊച്ചി റിഫൈനറിയിൽ നിന്ന് ഇന്ധനവുമായി ഗുഡ്സ് ട്രെയിന് കടന്നുപോയപ്പോഴാണ് കല്ല് ശ്രദ്ധയില്‍പ്പെട്ടത്. കുറഞ്ഞ വേഗതയിലായിരുന്നു ട്രെയിന്‍. അതിനാൽ കല്ല് പാളത്തില്‍ നിന്ന് തെറിച്ച് പോവുകയായിരുന്നു.
അതേസമയം വടകരയില്‍ യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. വടകര താഴെ അങ്ങാടി ഷെയ്ക്ക് പള്ളിക്ക് സമീപം ചാത്തോത്ത് ഷെക്കീറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 35 വയസായിരുന്നു. ഒന്തം ഓവർ ബ്രിഡ്ജിന് സമീപത്താണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.