ഹൈദരാബാദ്: തെലങ്കാനയിലെ ഓപ്പറേഷൻ കമലം വിവാദത്തിൽ സുപ്രീംകോടതിക്കും മുഖ്യമന്ത്രിമാർക്കും കത്ത് എഴുതി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു. ബിജെപിക്ക് എതിരായ തെളിവുകൾ ചൂണ്ടികാട്ടിയാണ് കത്ത്. നാല് സർക്കാരുകളെ അട്ടിമറിക്കാൻ ബിജെപി പദ്ധതിയിട്ടതിൻ്റെ വീഡിയോ തെളിവുകൾ അടക്കമാണ് കെസിആർ പുറത്തുവിട്ടരിക്കുന്നത്. രാജ്യത്തെ രക്ഷിക്കൂ എന്ന അഭ്യർത്ഥനയോടെയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനുള്ള കത്ത്. തുഷാർ വെള്ളാപ്പള്ളിയാണ് ഓപ്പറേഷൻ കമലത്തിന് പിന്നിലെ കേന്ദ്രബിന്ദു എന്നാണ് കെസിആറിന്റെ ആരോപണം. അറസ്റ്റിലായ ഏജൻറുമാർ തുഷാറുമായി സംസാരിച്ചതിന്റെ ഫോൺ റെക്കോർഡിൻ്റെ വിശദാംശങ്ങൾ അടക്കമാണ് പുറത്തുവിട്ടിരിക്കുന്നത്.
തെലങ്കാന സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാനുള്ള ഓപ്പറേഷന്റെ മുഴുവൻ ചുമതലയും തുഷാർ വെള്ളാപ്പള്ളിക്കായിരുന്നു എന്നാണ് കെ ചന്ദ്രശേഖർ റാവു ഇന്നലെ വാർത്താ സമ്മേളനത്തിൽ ആരോപിച്ചത്. അമിത് ഷായുടെ നേരിട്ടുള്ള നോമിനിയാണ് തുഷാറെന്നും സർക്കാരിനെ അട്ടിമറിക്കാൻ 100 കോടി രൂപയാണ് തുഷാർ വാഗ്ദാനം ചെയ്തതെന്നും തെലങ്കാന മുഖ്യമന്ത്രി ആരോപിച്ചിരുന്നു.
ആന്ധ്ര പ്രദേശ്, ദില്ലി, രാജസ്ഥാൻ സർക്കാരുകളെ വീഴ്ത്താനും തുഷാർ പദ്ധതിയിട്ടുവെന്ന് ആരോപിച്ചിരുന്നു. ഇക്കാര്യം ഏജൻറുമാർ ടിആർ എസ് എംഎൽഎമാരോട് വെളിപ്പെടുത്തുന്ന വീഡിയോ തെളിവായി കെസിആര്‍ പുറത്തുവിട്ടു. ഇതുവരെ എട്ട് സർക്കാരുകളെ വീഴ്ത്തിയെന്ന് വീഡിയോയിൽ ഏജൻറുമാർ പറയുന്നുണ്ട്. എല്ലാ ഓപ്പറേഷനുകൾക്ക് പിന്നിലും ഒരേ ടീമാണെന്നും ആരോപിക്കുന്നുണ്ട്. കേരളത്തിൽ എൻഡിഎ കൺവീനറായ തുഷാര്‍ വെള്ളാപ്പള്ളി ബിഡിജെഎസിന്റെ സംസ്ഥാന അധ്യക്ഷനുമാണ്. കെസിആറിന്റെ ആരോപണങ്ങളോട് പ്രതികരിക്കാൻ തുഷാര്‍ തയ്യാറായില്ല.