മൂന്നാര്‍: പാര്‍ട്ടി യോഗങ്ങളിലും പൊതുപരിപാടികളും ആക്രണ മനോഭാവത്തോടെ ഭീഷണിയുടെ സ്വരത്തില്‍ എം എം മണി നടത്തുന്ന പരാമര്‍ശങ്ങള്‍ക്കെതിരെ ഈ മാസം അവസാനത്തോടെ സംസ്ഥാന കമ്മറ്റിക്ക് പരാതി നല്‍കുമെന്ന് ദേവികുളം മുന്‍ എം എല്‍ എ എസ് രാജേന്ദ്രന്‍. കെവി ശശി നടത്തുന്ന പരാമര്‍ശങ്ങള്‍ളും പരാതില്‍ ഉന്നയിക്കുമെന്നും എസ് രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. എസ് രാജേന്ദ്രനും – എം എം മണിയുമായി പാര്‍ട്ടിക്കുള്ളില്‍ വാദപ്രതിവാദങ്ങള്‍ ആരംഭിച്ചത് കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പ് കാലത്താണ്. 15 വര്‍ഷമായി എം എല്‍ എയായിരുന്ന രാജേന്ദ്രനെ ഒഴിവാക്കി നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി എ രാജയെ സ്ഥാനാര്‍ത്ഥിയാക്കിയതിന് പിന്നാലെയായിരുന്നു ഇത്.
രാജ തെരഞ്ഞെടുപ്പില്‍ മികച്ച ഭൂരിപക്ഷത്തിന് വിജയിച്ചു. എന്നാല്‍, രാജേന്ദ്രന്‍റെ നേത്യത്വത്തില്‍ എ രാജയെ തോല്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണവുമായി പ്രദേശിക നേത്യത്വം രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് പാര്‍ട്ടി അന്വേഷണം നടത്തി എസ് രാജേന്ദ്രനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. രാജേന്ദ്രനെ പുറത്താക്കാന്‍ ഏറ്റവും കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തിയതാകട്ടെ മുന്‍ വൈദ്യുതി മന്ത്രിയായിരുന്ന എം എം മണിയും. സംഭവത്തെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാദപ്രതിവാദങ്ങള്‍ ആരംഭിച്ചു. പാര്‍ട്ടി നേത്യത്വം ഇടപ്പെട്ട് ആരോപണ പ്രത്യാരോപണങ്ങള്‍ നിര്‍ത്തിവെയ്പ്പിച്ചെങ്കിലും കഴിഞ്ഞ ദിവസം എം എം മണി രാജേന്ദ്രനെതിരെ വീണ്ടും രംഗത്തെത്തിയിരുന്നു.
ട്രൈഡ് യൂണിയന്‍ സമ്മേളനത്തില്‍ എസ് രാജേന്ദ്രനെ തൊഴിലാളികള്‍ ശരിയാക്കണമെന്നായിരുന്നു എം എം മണി ആഹ്വാനം ചെയ്തത്. എസ് രാജേന്ദ്രന്‍റെ പ്രവര്‍ത്തികള്‍ കുട്ടികളെ പറഞ്ഞ് പഠിപ്പിക്കണെന്നും രാജേന്ദ്രനെ ഒറ്റപ്പെടുത്തണമെന്നും മണി തൊഴിലാളികളോട് പറഞ്ഞു. മറ്റൊരിടത്ത് രാജേന്ദ്രനെ വെടിവെയ്ക്കുമെന്നും മണി പ്രസംഗിച്ചിരുന്നു. ഇതോടെ, മകളുടെ വിവാഹം കഴിയുന്നത് വരെ തന്നെ വെടിവെയ്ക്കരുതെന്ന് ആവശ്യപ്പെട്ട് എസ് രാജേന്ദ്രന്‍ രംഗത്തി. പിന്നാലെ പാര്‍ട്ടിയുടെ നേത്യത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ ബാങ്ക് മൂന്നാറില്‍ വാങ്ങിയ കെട്ടിടം സംബന്ധിച്ച് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചു.
ബാങ്ക് പ്രസിഡിന്‍റ് കെ വി ശശിയുടെ നേത്യത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ബാങ്ക് നിമയക്കുരുക്കില്‍ കിടക്കുന്ന വിവാദമായ കെട്ടിടം വാങ്ങിയത് അന്വേഷിക്കേണ്ടതാണെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എം എം മണിയോട് തനിക്ക് ബഹുമാനമുണ്ടെന്നും എന്നാല്‍ മറ്റാരോ പറയുന്നത് എം എം മണി ഏറ്റുപറയുകയാണെന്നും രാജേന്ദ്രന്‍ ആരോപിച്ചു. എന്നാല്‍, എം എം മണിയും കെ വി ശശിയും രാജേന്ദ്രനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. സംഭവത്തില്‍ ഇരുവര്‍ക്കുമെതിരെ പാര്‍ട്ടി സംസ്ഥാന കമ്മറ്റിയ്ക്ക് ഈ മാസം അവസാനത്തോടെ പരാതി നല്‍കുമെന്നാണ് ഇപ്പോള്‍ രാജേന്ദ്രന്‍ പറയുന്നത്. നിലവില്‍ സിപിഎമ്മില്‍ നിന്നും എസ് രാജേന്ദ്രനെ സസ്പെന്‍റ് ചെയ്തിരിക്കുകയാണ്. എന്നാല്‍, നീതി ലഭിച്ചില്ലെങ്കില്‍ ഇക്കാര്യത്തില്‍ കോടതിയെ സമീപിക്കുമെന്നും എസ് രാജേന്ദ്രന്‍ വ്യക്തമാക്കി.