പമ്പ : ശബരിമല തീർഥാടന ഒരുക്കങ്ങൾ നേരിട്ടു വിലയിരുത്തുന്നതിന് പമ്പയിലേക്കുള്ള യാത്രാ മധ്യേ നിലയ്‌ക്കൽ പ്രാഥമിക ആരോഗ്യ കേന്ദ്രവും (പിഎച്ച്‌സി) പമ്പ ഗവൺമെന്റ് ആശുപത്രിയും ആരോഗ്യ മന്ത്രി വീണാ ജോർജ് സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തി. അത്യാഹിത വിഭാഗങ്ങളിലെ കിടക്ക ഉൾപ്പെടെയുള്ള സൗകര്യങ്ങളും ആവശ്യമായ മരുന്നുകളും ഓക്‌സിജൻ ലഭ്യതയും ഉറപ്പാക്കിയിട്ടുണ്ട്.
അത്യാഹിത വിഭാഗം, ഐസിയു, ലാബ്, ഫാർമസി എന്നിവിടങ്ങൾ മന്ത്രി സന്ദർശിച്ചു. കോവിഡ് അനന്തര രോഗങ്ങൾ മൂലം തീർഥാടകർക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാനുള്ള ചികിത്സ ലഭ്യമാകുമെന്ന് ഉറപ്പാക്കി. നിലയ്‌ക്കൽ പിഎച്ച്‌സി, പമ്പ ഗവൺമെന്റ് ആശുപത്രികളിൽ നിന്ന് രോഗികളെ പ്രാഥമിക ചികിത്സയ്‌ക്ക് ശേഷം പത്തനംതിട്ട ജനറൽ ആശുപതിയിലേക്ക് മാറ്റും.
ആശുപത്രി ജീവനക്കാരുടെ അടിസ്ഥാന സൗകര്യങ്ങളെ സംബന്ധിച്ചും മന്ത്രി അന്വേഷിച്ചു. ആരോഗ്യ അവബോധത്തിനായി ആശുപത്രികളിലെ അറിയിപ്പുകൾ മറ്റു ഭാഷകളിലും വയ്‌ക്കാന്‍ മന്ത്രി നിർദേശിച്ചു. അഡീഷണൽ ഡിഎച്ച്എസ്. ഡോ. കെ.വി. നന്ദകുമാർ, പത്തനംതിട്ട ഡിഎം ഒ(ആരോഗ്യം) ഡോ. എൽ. അനിതാകുമാരി, ശബരിമല സ്റ്റേറ്റ് നോഡൽ ഓഫീസർ ഡോ. അജൻ, എൻഎച്ച്എം ഡിപിഎം ഡോ. എസ് ശ്രീകുമാർ, നിലയ്‌ക്കൽ മെഡിക്കൽ ഓഫീസർ ഡോ. അതുൽ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.