തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മ സിന്ധുവിന്‍റെയും അമ്മാവൻ നിർമൽ കുമാറിന്‍റെയും ജാമ്യാപേക്ഷ തള്ളി. ഇവരെയും നാല് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ചോദ്യം ചെയ്യലിനായി കസ്റ്റഡിൽ വേണമെന്ന ജില്ലാ ക്രൈം ബ്രാഞ്ചിന്‍റെ അപേക്ഷ പരിഗണിച്ചാണ് നെയ്യാറ്റിൻകര മജിസ്ട്രേറ്റിന്‍റെ നടപടി. മുഴുവൻ തെളിവെടുപ്പ് വീഡിയോയിൽ ചിത്രീകരിക്കാനും കോടതി നിർദേശം നല്‍കി.
അട്ടകുളങ്ങര വനിതാ ജയിലിൽ കഴിയുന്ന ഗ്രീഷ്മെയെയും ഇന്ന് തന്നെ ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചു. ആത്മഹത്യ ശ്രമത്തെ തുടർന്ന് ആശുപത്രിയിലായിരുന്ന ഗ്രീഷ്മയെ ഇന്നലെയാണ് ജയിലേക്ക് മാറ്റിയത്. ഗ്രീഷ്മയെയും കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. വൈദ്യപരിശോധനക്ക് ശേഷം കസ്റ്റഡയിൽ വിടുന്ന കാര്യത്തിൽ കോടതി തീരുമാനമെടുക്കും. ഗ്രീഷ്മ കസ്റ്റഡിൽ വിട്ടുകിട്ടയാൽ നാളെ പളുകിലെ വീട്ടിൽകൊണ്ടുപോയി തെളിവെടുപ്പ് നടത്തും.
കേസിൽ മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മക്കും അമ്മാവനും കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍. ഗ്രീഷ്മയും അമ്മയും ദിവസങ്ങളെടുത്ത് ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്ന് ഷാരോൺ രാജിൻ്റെ കുടുംബം ആരോപിച്ചിരുന്നു. ഗ്രീഷ്മ ഒറ്റക്ക് ഇത്ര ആസൂത്രിതമായി കൊല നടത്തില്ലെന്ന് തുടക്കം മുതൽ ഷാരോണ്‍ രാജിന്‍റെ കുടുംബം ഉറപ്പിച്ച് പറഞ്ഞിരുന്നു. തെളിവുകൾ നശിപ്പിച്ചതിനാണ് ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമൽ കുമാർ എന്നിവരെയാണ് പൊലീസ് കേസില്‍ പ്രതിചേർത്തത്. ഷാരോണിനെ വിഷം നൽകി കൊലപ്പെടുത്തിയ ഗ്രീഷ്മയെ രക്ഷിക്കാൻ അമ്മയും അമ്മാവനും ശ്രമിച്ചുവെന്നാണ് കണ്ടെത്തൽ. ഷാരോണിൻ്റെ കൊലയിൽ ഇനിയും കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് പൊലീസ് പറിശോധിക്കുന്നുണ്ട്.
കഴിഞ്ഞ മാസം 14ന് റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാൻ സുഹൃത്തിനൊപ്പം തമിഴ്‌നാട്ടിലെ രാമവർമ്മൻചിറയിലുള്ള യുവതിയുടെ വീട്ടിൽ പോയ ഷാരോൺ ശാരീരികാസ്വസ്ഥതകളോടെയാണ് തിരിച്ചിറങ്ങിയത്. അവിടെ നിന്ന് യുവതി നൽകിയ കഷായവും ജ്യൂസും കുടിച്ചതാണ് അവശതയ്ക്ക് കാരണം എന്ന് ഷാരോണിന്‍റെ ബന്ധുക്കള്‍ ആരോപിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഒക്ടോബര്‍ 25 നാണ് യുവാവ് മരിച്ചത്.