അമൃത്സർ: പഞ്ചാബിലെ ശിവസേന നേതാവ് സുധീർ സുരി വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. പ്രതിയുടെ കൈവശമുണ്ടായിരുന്ന ആയുധം പിടിച്ചെടുത്തതായി അമൃത്സർ സിറ്റി പൊലീസ് കമീഷണർ അരുൺ പാൽ സിങ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, പ്രതിയുടെ വിവരങ്ങൾ പുറത്തുവിടാൻ പഞ്ചാബ് പൊലീസ് തയാറായില്ല.
ഉച്ചക്ക് മൂന്നരയോടെ അമ്യത്സറിലെ ഗോപാൽ ക്ഷേത്രത്തിന് മുമ്പിൽ വെച്ചാണ് ആക്രമിയുടെ വെടിയേറ്റ് സുധീർ സുരി കൊല്ലപ്പെട്ടത്. ക്ഷേത്രത്തിന് മുന്നിൽ പ്രതിഷേധ ധർണയിൽ പങ്കെടുക്കവെ ആൾക്കൂട്ടത്തിൽ നിന്നും ആക്രമി വെടിയുതിർക്കുകയായിരുന്നു. ആയുധധാരി നാല് തവണ വെടിയുതിർത്തെന്ന് ദൃക്സാക്ഷികൾ പറയുന്നു.
വെടിയേറ്റ് നിലത്തുവീണ സുധീർ സുരിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.