ഗുവാഹത്തി: അസ്സമിൽ വളർത്തുമകളെ പീഡിപ്പിച്ചെന്ന പരാതിയിൽ പത്മ പുരസ്കാര ജേതാവിനെതിരെ കേസെടുത്തു. ജില്ല ലീഗൽ സർവിസസ് അതോറിറ്റി (സി.എസ്.എൽ.എ) നൽകിയ വിവരത്തെ തുടർന്ന് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഡിസംബർ 18നാണ് അസ്സം പോലീസ് കേസെടുത്തത്. നിലവിൽ കോടതിയുടെ പരിഗണനയിലുള്ള കേസായതിനാൽ വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. മുൻകൂൽ ജാമ്യം തേടി കോടതിയെ സമീപിച്ച പത്മ ജേതാവിന് താൽക്കാലിക ജാമ്യം അനുവദിച്ചു. കേസ് ഈമാസം ഏഴിന് കോടതി പരിഗണിക്കും.
ആരോപിക്കപ്പെട്ട കുറ്റം ഗുരുതര സ്വഭാവമുള്ളതാണെന്ന് ജസ്റ്റിസ് അരുൺ ദേവ് ചൗധരി ഉത്തരവിൽ പറഞ്ഞു. എന്നാൽ ഹരജിക്കാരന്‍റെ മുൻകാലവും പ്രശസ്തിയെ അപമാനിക്കാനും അപകീർത്തിപ്പെടുത്താനും ലക്ഷ്യമിട്ടാണ് വേഗത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതെന്ന ഹരജിക്കാരന്‍റെ ആരോപണവും പരിഗണിച്ചാണ് ഇടക്കാല ജാമ്യം അനുവദിച്ചതെന്ന് ജഡ്ജി വ്യക്തമാക്കി. കോടതി നിർദേശപ്രകാരം അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായ ആരോപണവിധേയന്‍റെ മൊഴി രേഖപ്പെടുത്തി. പെൺകുട്ടി നിലവിൽ പോലീസ് സംരക്ഷണത്തിൽ ചിൽഡ്രൻസ് ഹോമിലാണ്.