തിരുവനന്തപുരം: കരാര്‍ നിയമനത്തിലെ കത്ത് വിവാദത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം കോർപ്പറേഷനിലേക്ക് പ്രതിഷേധ മാർച്ച്. മേയറുടെ ചേമ്പറിലേക്ക് അതിക്രമിച്ച കടക്കാന്‍ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരം പൊലീസ് തടഞ്ഞത് കയ്യാങ്കളിയിലേക്ക് നീങ്ങി. പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. വിഷയത്തില്‍ യുവമോർച്ച പ്രവര്‍ത്തകരും പ്രതിഷേധ മാര്‍ച്ച് നടത്തി. പ്രതിഷേധക്കരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്. ബിജെപി കൗൺസിലർമാർ ഡെപ്യൂട്ടി മേയറെ തടഞ്ഞു.
കരാര്‍ നിയമനത്തിന് പാര്‍ട്ടി മുൻഗണന ലിസ്റ്റ് ആവശ്യപ്പെട്ട് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് മേയര്‍ ആര്യാ രാജേന്ദ്രന്‍ അയച്ച കത്താണ് വിവാദത്തിലായത്. ആരോഗ്യമേഖലയിലെ ഒഴിവുള്ള തസ്തികകളുടെ എണ്ണമടക്കം മേയറുടെ ഔഗ്യോഗിക ലെറ്റര്‍ പാഡിലെഴുതിയ കത്താണ് പുറത്ത് വന്നത്. കത്തയച്ചില്ലെന്ന് മേയറും കത്ത് കിട്ടിയില്ലെന്ന് ആനാവൂര്‍ നാഗപ്പനും വിശദീകരിച്ചപ്പോൾ സ്വജന പക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവും ആരോപിച്ച് മേയര്‍ക്കെതിരെ പ്രക്ഷോഭം ശക്തമാക്കുകയാണ് പ്രതിപക്ഷം.
കോർപറേഷന് കീഴിലെ അർബൻ പ്രൈമറി ഹെൽത്ത് സെൻ്ററുകളിലേക്ക് 295 ഒഴിവുണ്ടെന്നും ഉദ്യോഗാർത്ഥികളുടെ മുൻഗണന പട്ടിക നല്‍കണമെന്നും അറിയിച്ചു കൊണ്ടാണ് പാർട്ടി ജില്ലാ സെക്രട്ടറിക്ക് കത്തയച്ചത്. മേയറുടെ ഔദ്യോഗിക ലെറ്റർപാഡിൽ സഖാവേ എന്ന അഭിസംബോധന ചെയ്ത് അയച്ച കത്ത് ഒരു വാർഡിലെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നാണ് സമൂഹമാധ്യമത്തിൽ വൈറലായത്. കത്തിനെ കുറിച്ച് അറിയില്ലെന്ന് മേയർ പ്രതികരിച്ചു. കത്തയച്ച ഒന്നാം തിയതി “എവിടെ എന്റെ തൊഴിൽ” എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ പാർലമെന്റ് മാർച്ചിൽ പങ്കെടുക്കാൻ ദില്ലിയിൽ ആയിരുന്നെന്നുമാണ് ആര്യാ രാജേന്ദ്രന്റെ വിശദീകരണം.
സ്വന്തം നിലക്കും പാർട്ടി തലത്തിലും അന്വേഷിക്കുമെന്നും മേയർ അറിയിക്കുമ്പോൾ കത്ത് കിട്ടിയില്ലെന്നാണ് ആനാവൂര്‍ നാഗപ്പന്‍റെ പ്രതികരണം. എന്നാല്‍, കത്ത് എഴുതിയാലും ഇല്ലെങ്കിലും വൻ ക്രമക്കേട് നടന്നെന്നും ഭരണ സമിതി പിരിച്ച് വിടണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രക്ഷോഭരംഗത്താണ്.