ദില്ലി: ട്വിറ്ററിന്റെ പുതിയ നയത്തെ വിമർശിച്ച് ഓൺലൈൻ ഫുഡ് ഡെലിവറി സ്ഥാപനമായ സൊമാറ്റോ. ഇലോൺ മസ്ക് ഏറ്റെടുത്തതിന് ശേഷം ട്വിറ്ററിൽ നിരവധി പുതിയ മാറ്റങ്ങളാണ് വരുന്നത്. വെരിഫൈഡ് അക്കൗണ്ടുകൾക്ക് നൽകുന്ന ബ്ലൂ ടിക്ക് ബാഡ്ജുകൾക്ക് ഇനി മുതൽ പ്രതിമാസം പണം നൽകണമെന്നാണ് മസ്ക് അറിയിച്ചത്. ഈ തീരുമാനത്തിനോടാണ് സൊമാറ്റോ തമാശ രൂപേണ പ്രതികരിച്ചിരിക്കുന്നത്.
ഒരു മാസത്തേക്ക് 8 ഡോളർ നൽകണമെന്നാണ് മസ്ക് ആവശ്യപ്പെട്ടത്. എന്നാൽ ചാർജ് 5 ഡോളറാക്കി 60 ശതമാനം ഡിസ്കൗണ്ട് നൽകിക്കൂടെ എന്ന് സൊമാറ്റോ ചോദിച്ചു. മസ്കിന്റെ തീരുമാനത്തെ വിമർശിക്കുന്ന രീതിയിലാണ് സൊമാറ്റോ ട്വീറ്റ് ചെയ്തിരിക്കുന്നത്.സബ്സ്ക്രിപ്ഷൻ ചാർജിലൂടെ ഭൂരിഭാഗം വരുമാനം നേടാനാണ് മസ്ക് ലക്ഷ്യമിടുന്നത്. 44 ബില്യൺ ഡോളർ മുതൽ മുടക്കി ട്വിറ്റർ വാങ്ങിയതോടെ ഈ പണം ട്വിറ്ററിലൂടെ തന്നെ തിരിച്ചു പിടിക്കാനാണ് മസ്കിന്റെ ഉദ്ദേശ്യം. ട്വിറ്ററിന്റെ വെരിഫൈഡ് അക്കൗണ്ടുകൾക്ക് അടുത്ത ആഴ്ച മുതൽ പണം ഈടാക്കിയേക്കും. വെരിഫൈഡ് അക്കൗണ്ടിങ്ങിന്റെ ബ്ലൂ ടിക്ക് ബാഡ്ജിനാണ് ട്വിറ്റർ പണം ഈടാക്കുക. പ്രതിമാസം 8 ഡോളറാണ് നിരക്ക്. ചെലവ് കുറയ്ക്കലിന്റെ ഭാഗമായി പകുതിയോളം ജീവനക്കാരെ മസ്ക് പിരിച്ചുവിട്ടതും വാർത്തയാണ്. മനുഷ്യത്വരഹിതമായ മനടപടിയാണ് മസ്കിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത് എന്നാണ് ജീവനക്കാർ ആരോപിക്കുന്നത്. ഏകദേശം 3750 ഓളം ജീവനക്കാരെയാണ് ഇന്നലെ പിരിച്ചു വിട്ടത് എന്നാണ് റിപ്പോർട്ട്. ട്വിറ്റർ ഏറ്റെടുത്ത ശേഷം ആദ്യ നടപടിയായി സിഇഒ ഉൾപ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ മസ്ക് പിരിച്ചു വിട്ടിരുന്നു.
ഏറ്റവും കൂടുതൽ കിഴിവ് നൽകുന്ന ഫുഡ് ഡെലിവറി കമ്പനിയാണെങ്കിലും സൊമാറ്റോയുടെ ഈ പ്രതികരണം ട്വിറ്റർ ഉപയോക്താക്കളിൽ നിന്നുള്ള ട്രോള് ഏറ്റുവാങ്ങാനും കാരണമായി.