റിയാദ്: സൗദി അറേബ്യയില്‍ നിരോധിത സ്ഥലങ്ങളില്‍ നായാട്ട് നടത്തിയ 28 സ്വദേശികള്‍ അറസ്റ്റില്‍. ഇവരുടെ പക്കല്‍ നിന്ന് തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു. ലൈസന്‍സില്ലാതെ റിസര്‍വ് പ്രദേശത്ത് പ്രവേശിക്കുകയും കിങ് സല്‍മാന്‍ റോയല്‍ റിസര്‍വിലും പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ റോയല്‍ റിസര്‍വിലും നായാട്ട് നടത്തുകയും ചെയ്തതിനാണ് ഇവരെ പരിസ്ഥിതി സുരക്ഷാ സേന അറസ്റ്റ് ചെയ്തത്.
വ്യത്യസ്ത തരത്തിലുള്ള നാല് തോക്കുകളും 234 വെടിയുണ്ടകളും 53 നായാട്ട് വലകളും പക്ഷികളെ ആകര്‍ഷിക്കാന്‍ ഉപയോഗിക്കുന്ന അഞ്ച് ഉപകരണങ്ങളും വേട്ടയാടി പിടിച്ച 92 പക്ഷികളെയും ഒരു വന്യജീവിയെയും ഒരു ഫാല്‍ക്കണെയും ഇവരില്‍ നിന്ന് പിടികൂടി. പിടിയിലായ പ്രതികള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചു. ലൈസന്‍സില്ലാതെ നാച്ചുറല്‍ റിസര്‍വുകളില്‍ പ്രവേശിക്കുന്നതിന് 5000 റിയാലും നായാട്ട് നടത്തുന്നതിന് 5000 റിയാലുമാണ് പിഴ ലഭിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു.