കണ്ണൂര്‍ : കേരളത്തിലെ തീവണ്ടിയാത്രക്കാരായ സ്ത്രീകളുടെ സുരക്ഷയ്ക്കുള്ളത് 41 വനിതാ പോലീസുകാര്‍. കേരളത്തിലെ 13 റെയില്‍വേ പോലീസ് സ്റ്റേഷനുകളില്‍ ജോലിചെയ്യുന്നവര്‍ക്ക് പ്ലാറ്റ്‌ഫോമിലെയും തീവണ്ടിയിലെയും സ്ത്രീസുരക്ഷ നോക്കണം. 13 സ്റ്റേഷനുകളില്‍ തുടങ്ങിയ വനിതാ ഹെല്‍പ്പ് ഡെസ്‌കും ആളില്ലാത്തതിനാല്‍ ഇപ്പോള്‍ നോക്കുകുത്തിയായി. റെയില്‍വേ പോലീസ് സ്റ്റേഷനിലെ വനിതാ അംഗബലം കൂട്ടണമെന്നുള്ള നിര്‍ദേശം ഇപ്പോഴും നടപ്പായിട്ടില്ല. കാസര്‍കോട് ആര്‍.പി. സ്റ്റേഷനില്‍ ഒരു വനിതാ പോലീസ് മാത്രമാണുള്ളത്. കണ്ണൂര്‍-മൂന്ന്, കോഴിക്കോട്-അഞ്ച്, പാലക്കാട് -മൂന്ന്, ഷൊര്‍ണൂര്‍-രണ്ട്, തൃശ്ശൂര്‍-മൂന്ന്, കോട്ടയം-മൂന്ന്, എറണാകുളം-ആറ്, പുനലൂര്‍-രണ്ട്, ആലപ്പുഴ-അഞ്ച്, കൊല്ലം-മൂന്ന്, തിരുവനന്തപുരം-മൂന്ന്, പാറശ്ശാല-രണ്ട് എന്നിങ്ങനെയാണ് റെയില്‍വേ സ്റ്റേഷനുകളിലെ വനിതാ പോലീസുകാരുടെ എണ്ണം.
തീവണ്ടിയിലെയും പ്ലാറ്റ്‌ഫോമുകളിലെയും സ്ത്രീസുരക്ഷയ്ക്ക് മേല്‍നോട്ടം നല്‍കാന്‍ വനിതാ എസ്.ഐ.മാര്‍ ഇതുവരെ വന്നില്ല. കേരളത്തിലെ അഞ്ച് പ്രധാന റെയില്‍വേ പോലീസ് സ്റ്റേഷനുകളില്‍ ആദ്യഘട്ടമെന്ന നിലയില്‍ വനിതാ എസ്.ഐ.മാരെ നിയമിക്കാന്‍ തീരുമാനിച്ചത്. തൃശ്ശൂര്‍, എറണാകുളം, കോഴിക്കോട്, ഷൊര്‍ണൂര്‍, കണ്ണൂര്‍ എന്നിവയായിരുന്നു അത്. അഞ്ചുവര്‍ഷം പഴക്കമുള്ള ഈ നിര്‍ദേശം ഇതുവരെ നടപ്പായില്ല. അന്നത്തെ റെയില്‍വേ പോലീസ് മേധാവി കാളിരാജ് മഹേഷ്‌കുമാര്‍ ആണ് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സില്‍ കണ്ണൂരിലും കോഴിക്കോട്ടും വനിതാ എസ്.ഐ.മാരുണ്ട്.