കോഴിക്കോട് ചാത്തമംഗലം പുള്ളാവൂര്‍ പുഴയില്‍ സ്ഥാപിച്ച മെസിയുടെയും നെയ്മറിന്‍റെയും കട്ടൗട്ടുകള്‍ നീക്കം ചെയ്യണമെന്നുള്ള നിർദ്ദേശത്തിനെതിരെ നടി രഞ്ജിനി. ഈ കട്ടൗട്ടുകളുടെ വാർത്ത ഒളിമ്പിക്‌സ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അത് കേരളത്തിന് അഭിമാനമല്ലേയെന്ന് രഞ്ജിനി ചോദിക്കുന്നു. ഈ സന്തോഷം ഇല്ലാതാക്കരുതെന്നും നടി അധികൃതരോട് അഭ്യർത്ഥിക്കുന്നു.
‘പുള്ളാവൂര്‍ പുഴയില്‍ സ്ഥാപിച്ച ഫുട്ബോൾ സൂപ്പർതാരങ്ങളായ മെസ്സിയുടെയും നെയ്മറിന്റെയും കട്ടൗട്ടുകള്‍ എടുത്തു മാറ്റരുതെന്ന് കോഴിക്കോട് ജില്ലാ കളക്ടറിനോടും മേയറോടും അഭ്യർത്ഥിക്കുകയാണ്. ലോകം മുഴുവൻ വരാനിരിക്കുന്ന ലോകകപ്പിന്റെ ആഹ്ലാദത്തിലാണ്. ഈ കട്ടൗട്ടുകള്‍ കേരളത്തെ ഭൂപടത്തിൽ ഉൾപ്പെടുത്തിയ ലോക വാർത്ത സൃഷ്ടിച്ചു… അത് സ്ഥാപിച്ച ആരാധകർക്ക് നന്ദി. എല്ലാ നാല് വർഷവും അരങ്ങേറുന്ന ഈ ലോകോത്തര ഇവന്റ് ഞങ്ങൾ ആഘോഷിക്കട്ടെ. കട്ടൗട്ടുകള്‍ എടുത്തുമാറ്റി ആ സന്തോഷം ഇല്ലാതാക്കരുതെന്ന് പുള്ളാവൂർ പഞ്ചായത്തിലെ ഉദ്യോഗസ്ഥരോട് ഞാൻ അഭ്യർത്ഥിക്കുകയാണ്. ഈ വാർത്ത ഒളിമ്പിക്‌സ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്…. ഇത് കേരളത്തിന് അഭിമാനമല്ലേ?’, എന്നാണ് രഞ്ജിനി ഫേസ്ബുക്കിൽ കുറിച്ചത്.
ഇന്നാണ് ഫുട്ബോള്‍ ആരാധകര്‍ ഏറെ ആവേശത്തോടെ സ്ഥാപിച്ച കട്ടൗട്ടുകൾ എടുത്ത് മാറ്റണമെന്ന് ചാത്തമംഗലം പഞ്ചായത്ത് നിര്‍ദ്ദേശം നല്‍കിയത്. അഭിഭാഷകനായ ശ്രീജിത്ത് പെരുമനയുടെയുടെ പരാതിയിലാണ് നടപടി. പുഴ മലിനപ്പെടുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ശ്രീജിത്ത് പെരുമന പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയത്.
കഴിഞ്ഞ മാസം 30നായിരുന്നു ചാത്തമംഗലത്തെ മെസി ആരാധകര്‍ പുഴയുടെ നടുവില്‍ താരത്തിന്‍റെ 30 അടി ഉയരമുളള കട്ടൗട്ട് സ്ഥാപിച്ചത്. കട്ടൗട്ട് കേരളമാകെ ചർച്ചയായി. പിന്നീട് അന്താരാഷ്ട്ര മാധ്യമങ്ങൾ വരെ റിപ്പോർട്ട് ചെയ്തു. ഇതിന് പിന്നാലെ ഇതേ സ്ഥലത്ത് അതിനേക്കാള്‍ തലപ്പൊക്കത്തില്‍ ബ്രസീൽ ആരാധകർ നെയ്‌മറുടെ കട്ടൗട്ട് സ്ഥാപിച്ചു. മെസിയുടെ കട്ടൗട്ട് 30 അടിയാണെങ്കില്‍ നെയ്മറുടേതിന് 40 അടിയാണ് ഉയരം. അതേസമയം, കട്ടൗട്ട് നീക്കം ചെയ്യണമെന്ന നിര്‍ദ്ദേശത്തില്‍ ഏറെ നിരാശരാണ് ആരാധകര്‍.