കൊച്ചി : ഇരുപത് രൂപക്ക് ഊണ് നൽകുന്ന ജനകീയ ഹോട്ടലുകൾ പ്രതിസന്ധിയിൽ.സംസ്ഥാനത്തെ മിക്ക കുടുംബശ്രീ യൂണിറ്റുകൾക്കും ലക്ഷങ്ങളുടെ സബ്സിഡിയാണ് സർക്കാർ നൽകേണ്ടത്.അറുപത് രൂപക്ക് ഊണും ചിക്കൻ വിഭവവും നൽകിയിരുന്ന കാലടിയിലെ ജനകീയ ഹോട്ടൽ കടംകയറി അടച്ചിട്ടിരിക്കുകയാണ്.
കൊവിഡ് സമയത്ത് പട്ടിണി അകറ്റിയ ജനകീയ ഹോട്ടലുകൾ.കേരളം രാജ്യത്തിന് മുന്നിൽ അവതരിപ്പിച്ച മാതൃകയാണ്.കൊവിഡിന് ശേഷവും ഇത് തുടരാൻ സർക്കാർ തീരുമാനിച്ചു.കാലടിയിലെ കുടുംബശ്രീക്കാർ കാലടി പഞ്ചായത്തിലെ ഹോട്ടൽ വിലക്കയറ്റം പിടിച്ച് നിർത്തിയ മിടുക്കികൾ കൂടിയാണ്.അറുപത് രൂപക്ക് ഊണും ചിക്കൻ വിഭവവും ജനകീയ ഹോട്ടലിൽ നൽകി തുടങ്ങിയതോടെ പുറത്തെ ഹോട്ടലുകാരും ഊണിന്‍റെയും സ്പെഷ്യലിന്‍റെ നിരക്ക് അറുപത് രൂപയാക്കാൻ നിർബന്ധിതരായി.
എന്നാൽ നല്ല ഭക്ഷണം ചെറിയ വിലക്ക് ഊട്ടിയ കുടുംബശ്രീക്കാർ ഇന്ന് കടക്കാരായി. ഒരു ഊണിന് പത്ത് രൂപയാണ് സർക്കാർ സബ്സിഡി നൽകുന്നത്.ഒരു ദിവസം മുന്നൂറ് ഊണ് വരെ വിൽക്കുമ്പോൾ ഒരു മാസം തന്നെ കുടിശ്ശിക എഴുപതിനായിരത്തിനും മുകളിലാണ്.മാർച്ച് 12നാണ് അവസാനമായി കുടിശ്ശിക കിട്ടിയത്.ഇരുപത് രൂപ ഊണിനെ ആശ്രയിക്കുന്നവർ ഏറെയുള്ളത് കൊണ്ട് ഏതെങ്കിലും രീതിയിൽ ഹോട്ടൽ തുറക്കാനും ഇവർ പരിശ്രമിക്കുന്നുണ്ട്.
കാലടി മാത്രമല്ല എറണാകുളം ജില്ലയിലെ പല ജനകീയ ഹോട്ടലുകളും അടച്ചുപൂട്ടലിന്‍റെ വക്കിലാണ്. ചില ജനകീയ ഹോട്ടുലുകൾക്ക് തുക അനുവദിച്ചെന്നും കുടിശ്ശികയുള്ളവർക്ക് ഈ വർഷത്തെ രണ്ടാം ഗഡു ഉടൻ നൽകുമെന്നാണ് സംസ്ഥാന മിഷന്‍റെ പ്രതികരണം.കടംകയറി മുങ്ങുന്ന കുടുംബശ്രീക്കാർക്കുള്ള കുടിശ്ശിക ഇനിയും വൈകിയാൽ നാടിനെ പട്ടിണിയിടാതെ കാത്തവർ പട്ടിണിയാകുന്ന വാർത്തയും കേരളം കേൾക്കേണ്ടി വരും.