ക്രിമിനൽ തടവുകാരെ സൈന്യത്തിൽ ചേർക്കാനൊരുങ്ങി റഷ്യ. ഇതിനായുള്ള നിയമത്തിന് പുടിൻ അംഗീകാരം നൽകി. നിർബന്ധിത സൈനിക സേവന പദ്ധതിക്ക് പിന്നാലെയാണ് പുതിയ നീക്കം. ക്രിമിനലുകളെ പുറത്തിറക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ക്രംലിനില്‍ റഷ്യന്‍ സേനയ്ക്കുണ്ടായ ശക്തമായ തിരിച്ചടികള്‍ മറികടക്കാനാണ് പുടിന്‍ ക്രിമിനലുകളെ യുക്രൈനെതിരെ യുദ്ധ രംഗത്തേക്ക് ഇറക്കുന്നത്.
യുദ്ധമുഖത്തേക്ക് ആളുകളെ ചേര്‍ക്കാനുള്ള നിര്‍ബന്ധിത ശ്രമങ്ങള്‍ ആരംഭിച്ച ശേഷം 318000 പേര്‍ റഷ്യയുടെ പോരാട്ടത്തില്‍ അണി നിരന്നതായും അതില്‍ 18000 പേര്‍ സന്നദ്ധ പ്രവര്‍ത്തകരായി എത്തിയവര്‍ ആണെന്നുമാണ് നവംബര്‍ 4 ന് രാജ്യത്തെ യുജനങ്ങളേയും സന്നദ്ധ പ്രവര്‍ത്തകരേയും അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോള്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിന്‍ വിശദമാക്കിയത്. ക്രിമിനലുകളെ യുദ്ധമുഖത്തേക്ക് എത്തിക്കാനുള്ള നിയമം പാസാക്കിയതിന് തൊട്ട് പിന്നാലെയായിരുന്നു പുടിന്‍റെ വാക്കുകള്‍ എന്നതും ശ്രദ്ധേയമാണ്. കുട്ടികളെ ദുരുപയോഗം ചെയ്തവര്‍, ചാരപ്രവര്‍ത്തനത്തിന് പിടിയിലായവര്‍, ഭീകരവാദ പ്രവര്‍ത്തനത്തിന് പിടിയിലായവര്‍ വരെയുള്ളവരാണ് ഇത്തരത്തില്‍ യുദ്ധമുഖത്തേക്ക് എത്തുന്നത്.
സന്നദ്ധ സേവനവുമായി യുദ്ധ മുഖത്തേക്ക് എത്തിയവരില്‍ 49000 പേര്‍ ഇതിനോടകം യുക്രൈനെതിരായ പോര്‍ മുഖത്താണുള്ളത്. ബാക്കിയുള്ളവര്‍ പരിശീലനം നേടുകയാണെന്നും പുടിന്‍ പറഞ്ഞു. ഫെബ്രുവരിയില്‍ ആരംഭിച്ച അധിനിവേശത്തില്‍ ആദ്യഘട്ടത്തില്‍ മുന്നിട്ട് നിന്നെങ്കിലും ശക്തമായ ചെറുത്ത് നില്‍പ്പാണ് യുക്രൈന്‍ റഷ്യയ്ക്കെതിരെ നടത്തുന്നത്. ഇതിനിടയില്‍ ഇരുവശത്തും വലിയ രീതിയില്‍ സേനാംഗങ്ങള്‍ കൊല്ലപ്പെട്ടിട്ടുമുണ്ടെന്നാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തെക്കന്‍, പടിഞ്ഞാറന്‍ മേഖലകളിലെ മേല്‍ക്കൈ നഷ്ടമാവാതിരിക്കാന്‍ റഷ്യ പാടുപെടുകയാണ്. ഈ മേഖലകള്‍ ഇതിനോടകം തിരികെ പിടിച്ചുവെന്നാണ് യുക്രൈന്‍ അവകാശപ്പെടുന്നത്.
നിർബന്ധിത സൈനിക സേവനത്തിന് ഉത്തരവ് വന്നതിന് പിന്നാലെ നിരവധി യുവാക്കളാണ് റഷ്യയില്‍ നിന്ന് പലായനം ചെയ്തത്. സേനയ്ക്കെതിരായ പ്രതിഷേധങ്ങളും രാജ്യത്ത് നടന്നിരുന്നു. ഇതിനിടയിലാണ് യുദ്ധമുഖത്തേക്ക് കൊടും കുറ്റവാളികള്‍ എത്തുന്നത്. എന്നാല്‍ നിര്‍ബന്ധിത സൈനിക സേവനത്തിനെ എത്തിയവരില്‍ പലരും ഭക്ഷണവും വെള്ളവും അടക്കമില്ലാതെ കഷ്ടപ്പെടുന്ന പല വീഡിയോകളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. സ്കൂള്‍ വിദ്യാര്‍ത്ഥികളെ അടക്കം പോര്‍മുഖത്തേക്ക് എത്തിക്കാന്‍ റഷ്യന്‍ സേന നിര്‍ബന്ധിക്കുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ വിശദമാക്കുന്നത്.