തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് ഇരുചക്രവാഹനങ്ങള്‍ മോഷണം നടത്തി വന്നിരുന്ന സംഘം പിടിയില്‍. മോഷണത്തിന് നേതൃത്വം നല്‍കിയ മൂന്ന് പേര്‍ അടക്കമുള്ള സംഘത്തെയാണ് വര്‍ക്കല പൊലീസാണ് അറസ്റ്റ് ചെയ്തത്. വര്‍ക്കല പുത്തന്‍ചന്ത സ്വദേശി ചരുവിള വീട്ടില്‍ ഗോപാലന്‍ മകന്‍ സുരേഷ് (58), വെട്ടൂര്‍ ചിനക്കര വീട്ടില്‍ ഷിബു മകന്‍ അന്‍സില്‍ (18), കല്ലമ്പലം തോട്ടയ്ക്കാട് അമീന്‍ വില്ലയില്‍ അബ്ദുല്‍ ഒഫൂര്‍ (52) എന്നിവര്‍ ഉള്‍പ്പെടെ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികള്‍ അടങ്ങിയ സംഘമാണ് പൊലീസിന്റെ പിടിയിലായത്.
വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ പാര്‍ക്ക് ചെയ്തിരുന്ന പള്‍സര്‍ ബൈക്ക് മോഷണം പോയതിനെ തുടര്‍ന്ന് ലഭിച്ച പരാതിയിന്മേല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ആണ് സംഘം പിടിയിലായത്. നിലവില്‍ മൂന്ന് കേസുകളാണ് സമാന രീതിയില്‍ വര്‍ക്കല സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കുട്ടികളെ ഉപയോഗിച്ച് മോഷണം നടത്തും. പിന്നീട് തുച്ഛമായ പണം നല്‍കിക്കൊണ്ട് ഈ വാഹനങ്ങള്‍ വാങ്ങി പൊളിച്ചു വില്‍ക്കുകയും ചെയ്യുന്നതായിരുന്നു ഇവരുടെ രീതി. അന്വേഷണത്തില്‍ സ്റ്റേഷന്‍ പരിധിയിലെ മറ്റ് രണ്ട് ബൈക്കുകള്‍ കൂടി പൊളിച്ചു വിറ്റതായി പ്രധാന പ്രതിയായ സുരേഷ് മൊഴി നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ സ്വകാര്യ ബസിൽനിന്ന് ഡീസൽ മോഷ്ടിച്ച മിനിലോറി ഡ്രൈവർ പിടിയിലായിരുന്നു. എറണാകുളം മൂവാറ്റുപുഴ പായിപ്ര പുത്തൻകുടിയിൽ സാജു മോനാണ് (53) പിടിയിലായത്. വ്യാഴാഴ്ച പുലർച്ച 3.30ന് ദേശീയപാതയിൽ വണ്ടാനം ശാസ്താ ക്ഷേത്രത്തിന് സമീപം നിർത്തിയിട്ട ബസിൽനിന്നുമാണ് സാജു ഡീസല്‍ മോഷ്ടിച്ചത്.
മിനി ലോറിയിലേക്ക് ഡീസൽ മോഷ്ടിക്കുന്നതിനിടെ പുന്നപ്ര പൊലീസ് കൈയ്യോടെ സാജുവിനെ പിടികൂടുകയായിരുന്നു. നിര്‍ത്തിയിട്ടിരുന്ന ബസില്‍ നിന്നും ഒരാള്‍ ഡീസല്‍ മോഷ്ടിക്കുന്നത് അതുവഴി പോയ യാത്രക്കാരന്‍റെ ശ്രദ്ധയില്‍പ്പെടുകയും പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.