ദില്ലി : ഗവർണർ സർക്കാർ പോരിൽ പ്രതികരിക്കാനില്ലെന്ന് ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള. കേരളത്തിലെ രാഷ്ട്രീയ സംഭവങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും പ്രതികരണങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു. രാഷ്ട്രീയ അഭിപ്രായങ്ങൾ കോൾഡ് സ്റ്റോറേജിൽ സൂക്ഷിച്ചിരിക്കുകയാണെന്നും സമയമാകുമ്പോൾ പറയുമെന്നും അദ്ദേഹം പറഞ്ഞു.
വിസി നിയമനവുമായി ബന്ധപ്പെട്ട് സർക്കാരും ഗവർണറും തമ്മിലുള്ള പോര് തുടരുകയാണ്. പുറത്താക്കിയ വിസിമാർക്ക് കാരണം കാണിക്കുന്നതിന് ഗവർണർ അനുവദിച്ച സമയപരിധി നാളെ അവസാനിക്കും. പുറത്താക്കാതിരിക്കാനുള്ള കാരണങ്ങൾ ഉണ്ടെങ്കിൽ അത് വ്യക്തമാക്കാൻ നിർദേശിച്ചാണ് ഗവർണർ വിസിമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. ആറ് വിസിമാരാണ് ഇതുവരെ മറുപടി നൽകിയത്. മറ്റ് വിസിമാർ കൂടി ഇന്നും നാളെയുമായി മറുപടി നൽകുമെന്നാണ് കരുതുന്നത്.എല്ലാവരുടെയും മറുപടി കിട്ടിയ ശേഷം ഗവർണർ തുടർ നടപടികളിലേക്ക് കടന്നേക്കും. ഗവർണർ നാളെ തിരുവനന്തപുരത്തേക്ക് തിരിച്ചെത്തും.
ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് ഒഴിവാക്കാൻ നിയമനിർമ്മാണത്തിന് സർക്കാരിന് സിപിഎം അനുമതി നൽകും. ഇന്നത്തെ സിപിഎം സംസ്ഥാന സമിതി യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. ഓർഡിനൻസ് തയ്യാറാക്കി ഗവർണറുടെ അനുമതിക്ക് അയക്കാനാണ് ആലോചന. ഓർഡിനൻസിൽ ഒപ്പിടാൻ ഗവർണർ തയ്യാറായില്ലെങ്കിൽ നിയമസഭയിൽ ബിൽ അവതരിപ്പിക്കും. ഗവർണർ എതിർപ്പ് തുടർന്നാൽ കോടതിയെ സമീപിക്കാനാണ് ധാരണ. ഇതിന് മുമ്പായി പ്രതിപക്ഷ പിന്തുണയും തേടും. തുടര്‍ നടപടിക്കായി പാര്‍ട്ടി സര്‍ക്കാരിനെ ചുമതലപ്പെടുത്തി. ഗവര്‍ണര്‍ക്കെതിരെ തമിഴ്നാടുമായി യോജിച്ച് പ്രക്ഷോഭവും ആലോചനയിലുണ്ട്. ഗവര്‍ണര്‍ക്കെതിരായ പ്രക്ഷോഭത്തിൽ സീതാറാം യെച്ചൂരിയും ഡി.രാജയും ഡിഎംകെ നേതാക്കളും പങ്കെടുക്കും.
അതേസമയം തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനുമായി ബന്ധപ്പെട്ട കത്ത് വിവാദത്തിൽ ബിജെപി ഗവർണറുടെ ഇടപെടൽ തേടി. 35 ബിജെപി കൗൺസിലർമാർ നാളെ ഗവർണറെ കാണും.