അബുദാബി: കൊവിഡ് നിയന്ത്രണങ്ങളില്‍ ഭൂരിഭാഗവും ഒഴിവാക്കി യുഎഇ. രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്തിയ ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്. തിങ്കളാഴ്ച (നവംബര്‍ 7) രാവിലെ ആറു മണി മുതല്‍ നിയന്ത്രണം ഒഴിവാക്കിയത് നിലവില്‍ വരുമെന്ന് സര്‍ക്കാര്‍ വക്താവ് പത്ര സമ്മേളനത്തില്‍ അറിയിച്ചു.
മാസ്ക് ധരിക്കുന്നതില്‍ വീണ്ടും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആരാധനാലയങ്ങള്‍ ഉള്‍പ്പെടെ തുറസ്സായ സ്ഥലങ്ങളിലും അടച്ചിട്ട സ്ഥലങ്ങളിലും മാസ്ക് ധരിക്കേണ്ടത് ഇനി മുതല്‍ നിര്‍ബന്ധമല്ല. എന്നാല്‍ ആരോഗ്യ കേന്ദ്രങ്ങളിലും ഭിന്നശേഷിക്കാര്‍ക്കുള്ള സ്ഥാപനങ്ങളിലും മാസ്ക് ധരിക്കേണ്ടത് നിര്‍ബന്ധമാണ്. പൊതുസ്ഥലങ്ങളിലും ഗതാഗത സംവിധാനങ്ങളിലും മാസ്ക് നിര്‍ബന്ധമല്ല. പൊതു സ്ഥലങ്ങളിലേക്കും പരിപാടികളിലേക്കും പ്രവേശിക്കുന്നതിന് അല്‍ ഹൊസ്ന്‍ ഗ്രീന്‍ പാസ് ആവശ്യമില്ലെന്നും അധികൃതര്‍ അറിയിച്ചു. കൊവിഡ് ബാധിച്ചവര്‍ അഞ്ചു ദിവസം ഐസൊലേഷനില്‍ കഴിയണമെന്ന നിബന്ധനയ്ക്ക് മാറ്റമില്ലെന്ന് ദേശീയ അടിയന്തര ദുരന്ത നിവാരണ സമിതി അറിയിച്ചു.