വരുമാന നഷ്ടത്തെ കുറിച്ചുള്ള ആവലാതി പങ്കിട്ട് ശത കോടീശ്വരൻ ഇലോണ്‍ മസ്ക്. ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ ജീവനക്കാരെ പിരിച്ചുവിട്ട എലോൺ മസ്കിന്റെ നടപടി ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ പരസ്യ കമ്പനികളുടെ പിന്മാറ്റത്തിന് കാരണം മനുഷ്യവകാശ പ്രസ്ഥാനങ്ങളാണെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് മസ്ക്. കണ്ടന്റ് മോഡറേഷൻ പാലിച്ചില്ലെങ്കിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംഘടനകൾ പരസ്യ ദാതാക്കളിൽ സമ്മർദം പുലര്‌ത്തിയെന്നാണ് മസ്ക് പറയുന്നത്. പരസ്യക്കാർ പിൻവലിഞ്ഞതിനെ തുടര്‌ന്ന് വലിയ രീതിയിലുള്ള വരുമാന നഷ്ടമാണ് കമ്പനി നേരിടുന്നത്.
ഇക്കാര്യം മസ്ക് തന്നെയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. പിരിച്ചുവിടൽ നടന്ന ശേഷം നിരവധി പരസ്യദാതാക്കളാണ് പിൻവാങ്ങിയത്. പ്രതിദിനം കമ്പനിയ്ക്ക് 40 ലക്ഷം രൂപയുടെ നഷ്ടമുണ്ടാകുന്നുവെന്നാണ് കണക്ക്കൂട്ടൽ. പിരിച്ചുവിട്ട എല്ലാവർക്കും മൂന്ന് മാസത്തെ ശമ്പളം നഷ്ടപരിഹാരമായി നൽകുമെന്ന് മസ്ക് അറിയിച്ചിട്ടുണ്ട്. ആഗോളതലത്തില് തന്നെ പരസ്യങ്ങൾ പിൻവലിക്കുന്നതിനായി വലിയ തരത്തിലുള്ള സമ്മർദ്ദങ്ങളാണ് പരസ്യ ദാതാക്കൾ നേരിടേണ്ടി വരുന്നതെന്നാണ് മസ്കിന്റെ കണ്ടെത്തൽ. 3700 ഓളം പേരെ അല്ലെങ്കിൽ 50 ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിടൽ നടപടികൾ ബാധിക്കുമെന്നാണ് സൂചന.
പിരിച്ചുവിടൽ ഏറ്റവും അധികം ബാധിക്കുന്നത് മാർക്കറ്റിങ്, കമ്യൂണിക്കേഷൻസ് വിഭാഗങ്ങളിലെ ആളുകളെയാണ്. ഇവരെ കൂടാതെ എഞ്ചീനിയറിങ് വിഭാഗത്തിൽ ഉള്ള നിരവധി പേരെയും പിരിച്ചുവിട്ടിട്ടുണ്ട്.ഏറെ വിവാദങ്ങള്‌ക്ക് ശേഷമാണ് മസ്ക് ട്വീറ്റർ ഏറ്റെടുത്തത്. ഇതിന് ശേഷം മസ്കിന്റെ തന്റെ എതിരാളികളായ പല സ്ഥാപനങ്ങളും പിൻവലിഞ്ഞിരുന്നു. ട്വീറ്ററില് നിന്ന് തന്നെ പല സ്ഥാപനങ്ങളും പിൻവലിഞ്ഞിരുന്നു. ജനറൽ മോട്ടോർസ്, ജനറൽമിൽസ് പോലെയുള്ള പ്രമുഖരായ പലരും അക്കൗണ്ട് തന്നെ നീക്കം ചെയ്തു. ഇപ്പോഴും പിരിച്ചുവിടൽ തുടർന്നു കൊണ്ടിരിക്കുകയാണ് മസ്ക്.
വ്യാജ വാർത്തകൾ തടയാനുള്ള ടീമിനെ പിരിച്ചുവിടൽ ബാധിക്കില്ല എന്നാണ് കമ്പനി പറയുന്നത്. കണ്ടന്റ് മോഡറേഷൻ സംബന്ധിച്ച് ചോദ്യങ്ങൾ ഉയർത്തി പരസ്യദാതാക്കൾ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ അവരിൽ പലരും പിന്മാറിയതോടെയാണ് വിശദീകരണവുമായി കമ്പനി രംഗത്തെത്തിയത്. കമ്മ്യൂണിക്കേഷൻ, ഉള്ളടക്ക മേൽനോട്ടം, മനുഷ്യാവകാശങ്ങൾ, മെഷീൻ ലേണിംങ് എതിക്‌സ് എന്നിവയെ നിയന്ത്രിക്കുന്ന ടീമുകളെയും എൻജിനീയറിംഗ് ടീമുകളെയും പിരിച്ചുവിടൽ ബാധിച്ചിട്ടുണ്ട്. ഇക്കാര്യം ജീവനക്കാർ തന്നെയാണ് ട്വീറ്റ് ചെയ്തത്.