കൊച്ചി: കോതമംഗലത്ത് കെഎസ്ആർടിസി ബസിന്റെ ‘പറക്കുംതളിക’ മോഡൽ കല്യാണ ഓട്ടത്തിൽ കൂടുതല്‍ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. കെഎസ്ആര്‍ടിസി ബസ് ഓടിച്ച ഡ്രൈവർക്കെതിരെ കേസെടുത്തു. മുൻവശത്തെ കാഴ്ചമറയ്ക്കും രീതിയിൽ മറച്ചു കെട്ടി, വശങ്ങളിലൂടെപോകുന്ന വാഹനങ്ങൾക്ക് അപകടമുണ്ടാക്കും വിധം മരച്ചില്ലകൾ കെട്ടി എന്ന കാരണത്താലാണ് കേസ് എടുത്തിട്ടുള്ളത്.
സംഭവം വിവാദമായതിന് പിന്നാലെ വിവാഹ ഓട്ടത്തിന് ശേഷം മടങ്ങി എത്തിയ ബസ് വീണ്ടും സർവീസിന് അയക്കരുതെന്ന് കെഎസ്ആർടിസി കോതമംഗലം ഡിപ്പോ അധികൃതരോട് എംവിഡി ഇന്നലെ തന്നെ ആവശ്യപ്പെട്ടിരുന്നു. ബസ് പരിശോധിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് വീണ്ടും സർവീസ് നടത്തുന്നത് എംവിഡി തടഞ്ഞത്. ഡ്രൈവറോട് ഇന്ന് രാവിലെ 11 മണിക്ക് ഹാജരാകാൻ ജോയിന്‍റ് അർടിഒ നിർദേശവും നൽകിയിരുന്നു. കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് താൽക്കാലിമായി സസ്പെൻഡ് ചെയ്യും.
ഇന്നലെ രാവിലെയാണ് കെഎസ്ആർടിസി ബസ് ദിലീപ് ചിത്രമായ ‘പറക്കും തളിക’യിലെ ‘താമരാക്ഷൻ പിള്ള’ ബസിനെ അനുസ്മരിപ്പിക്കും വിധം ‘അലങ്കരിച്ച്’ ഓട്ടം നടത്തിയത്. മരച്ചില്ലകളെല്ലാം കെട്ടിവച്ചായിരുന്നു ബസ് ‘അലങ്കരിച്ചിരുന്നത്’. മരച്ചില്ലകൾ പുറത്തേക്ക് തള്ളി നിൽക്കും വിധം ബസിൽ കെട്ടിവച്ചിരുന്നു. ബസിന് മുന്നിൽ സിനിമയിലേതിന് സമാനമായി ‘താമരാക്ഷൻ പിളള’ എന്ന് എഴുതിയിട്ടുമുണ്ടായിരുന്നു. കെഎസ്ആർടിസി എന്ന് എഴുതിയിരുന്ന ഇടത്താണ് ‘താമരാക്ഷൻ പിളള’ എന്ന് എഴുതിയത്.
കോതമംഗലം നെല്ലിക്കുഴിയിൽ നിന്ന് അടിമാലി ഇരുമ്പുപാലത്തേക്കാണ് ബസ് സർവീസ് നടത്തിയത്. കോതമംഗലം ഡിപ്പോയിലേതായിരുന്നു ബസ്. രണ്ട് ദിവസം മുമ്പാണ് രമേശ് എന്നയാളെത്തി കല്യാണ ഓട്ടം ബുക്ക് ചെയ്തതെന്ന് കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി. സിനിമയിലേതിന് സമാനമായി ബസിന് ചുറ്റും മരച്ചില്ലകൾ വച്ചുകെട്ടുകയായിരുന്നു. ബ്രസീൽ, അർജന്‍റീന പതാകകളും ബസിന് മുന്നിൽ കെട്ടി. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട ചില പൊതുപ്രവർത്തകരാണ് കോതമംഗലം പൊലീസിനെ വിവരം അറിയിച്ചത്. മോട്ടോർ വാഹന വകുപ്പിനും ദൃശ്യങ്ങൾ കൈമാറിയിരുന്നു.